കൊച്ചി: കൊച്ചിയിൽ സ്കൂൾ വിദ്യാർഥിയായ മിഹിർ അഹമ്മദ് ഫ്ലാറ്റ് സമുച്ചയത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. അതേസമയം, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തെളിവെടുപ്പ് തുടങ്ങി. എറണാകുളം കാക്കനാട് കലക്റ്ററേറ്റിലുള്ള വിദ്യാഭ്യാസ വകുപ്പ് ഓഫീസിലാണ് തെളിവെടുപ്പ്.
ആത്മഹത്യ ചെയ്ത മുനീർ അഹമ്മദിൻറെ രക്ഷിതാക്കളും ആരോപണവിധേയരായ സ്കൂൾ മാനേജ്മെൻറ് പ്രതിനിധികളും തെളിവെടുപ്പിനെത്തി. കുട്ടി പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെയും മുമ്പ് പഠിച്ചിരുന്ന ജെംസ് അക്കാദമി ക്കെതിരെയും രക്ഷിതാക്കൾ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മൊഴി നൽകിയെന്നാണ് സൂചന.
വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്റ്റർ സംഭവത്തിൽ അന്വേഷണം തുടങ്ങിയത്. ഗ്ലോബൽ പബ്ലിക് സ്കൂളിൽ മിഹിർ റാഗിങ്ങിന് ഇരയായിയെന്നും അതിനു മുമ്പു പഠിച്ചിരുന്ന ജെംസ് സ്കൂളിലെ വൈസ് പ്രിൻസിപ്പലിൻറെ ശിക്ഷാ നടപടികൾ കുട്ടിയെ മാനസിക സംഘർഷത്തിലാക്കിയെന്നുമാണ് കുടുംബത്തിൻറെ പരാതി. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞമാസം 15 നായിരുന്നു മിഹർ അഹമ്മദിൻറെ ആത്മഹത്യ.