Timely news thodupuzha

പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധയാണ് ചെലുത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇടുക്കി: പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധയാണ് ചെലുത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമ്മാണം പൂർത്തീകരിച്ച തങ്കമണി പോലീസ് സ്റ്റേഷന്റെയും ജില്ലാ പൊലീസ് കൺട്രോൾ റൂമിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവഹിച്ചു.

സംസ്ഥാന പോലീസ് സേനയെ സംബന്ധിച്ചിടത്തോളം സമാനതകളില്ലാത്ത മാറ്റമാണ് കഴിഞ്ഞ ഒൻപത് വർഷത്തോളമായി നടന്നു കൊണ്ടിരിക്കുന്നതെന്ന് തങ്കമണി പോലീസ് സ്‌റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ ഓൺലൈനായി അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

തങ്കമണി ബസ് സ്റ്റാൻഡ് മൈതാനിയിൽ നടന്ന സമ്മേളനത്തിൽ എം. എം മണി എം. എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, ജില്ലാ പൊലീസ് മേധാവി സാബു മാത്യു കെ. എം, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റിയൻ, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ, കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ജെസി തോമസ് കാവുങ്കൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ചിഞ്ചുമോൾ ബിനോയി, എം. ജെ ജോൺ, എൻ. ആർ അജയൻ, ചെറിയാണ കട്ടക്കയം, റീന സണ്ണി, വി. എൻ പ്രഹ്‌ളാദൻ, ജോസ് തൈച്ചേരിൽ, ജിന്റു ബിനോയി, വിവിധ രാഷ്ട്രീയ, സാംസ്‌കാരിക സാമൂഹ്യ നേതാക്കൾ എന്നിവർ സംസാരിച്ചു.

ഇടുക്കി ജില്ലാ കൺട്രോൾ റൂമിന്റെ ഉദ്ഘാടന ചടങ്ങിൽ ഡിസിആർബി ഡിവൈഎസ്പി കെ. ആർ ബിജു അധ്യക്ഷത വഹിച്ചു. ശിലാഫലക അനാച്ഛാദനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി തോമസ് നിർവഹിച്ചു. ഇടുക്കി ഡിവൈഎസ്പി രാജൻ അരമന, ഇടുക്കി എസ്. എച്ച്. ഒ സന്തോഷ് സജീവ്, കുളമാവ് എസ്. എച്ച്. ഒ ടോണി ജെ.മറ്റം, ജില്ലാ ക്യാമ്പ് ആർഎഎസ്‌ഐ ഡിഎച്ച്ക്യു ബൈജു. ആർ, ജില്ലാ ക്യാമ്പ് ആർഎസ്‌ഐ ഡിഎച്ച്ക്യു ജമാൽ പി.എച്ച്, വിവിധ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *