ഇടുക്കി: നിർമ്മാണം പൂർത്തീകരിച്ച വാഗമൺ പോലീസ് സ്റ്റേഷൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കേരളത്തിലെ പോലീസ് സേനയ്ക്ക് ജനസൗഹൃദ മുഖം നൽകാൻ സാധിച്ചുവെന്നതാണ് എൽ ഡി എഫ് സർക്കാരിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നെന്ന് അദ്ദേഹം പറഞ്ഞു. കർത്തവ്യബോധത്തിൽ ഊന്നിനിന്നുകൊണ്ട് ജനസൗഹൃദപരമായി പ്രവർത്തിക്കുന്നതിന് കേരളാ പോലീസിന് ഇന്ന് സാധിക്കുന്നുണ്ട്. കുറ്റാന്വേഷണത്തിൽ ഒരുവിധമായ ബാഹ്യ ഇടപെടലുകളും ഇന്ന് ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി അധ്യക്ഷത വഹിച്ചു. വാഗമൺ പോലീസ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടന സമ്മേളനത്തിൽ വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ തോമസ്,ജില്ലാ പഞ്ചായത്ത് അംഗം കെ. റ്റി. ബിനു,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതി പ്രദീപ്,പഞ്ചായത്ത് അംഗം പ്രദീപ് കുമാർ,പീരുമേട് ഡി.വൈ. എസ്. പി വിശാൽ ജോൺസൺ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.





