ഇടുക്കി: രാജാക്കാടിന് സമീപം കൊച്ചുമുല്ലക്കാനത്ത് വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷക്ക് സാമൂഹ്യ വിരുദ്ധർ തീയിട്ടു. വിമലപുരം ചുഴിക്കരയിൽ രാജേഷിൻ്റെ ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്. കൊച്ചുമുല്ലക്കാനം കവലയിലെ ഓട്ടോ തൊഴിലാളിയായ രാജേഷിൻ്റെ വീട്ടിലേക്ക് ഓട്ടോ പോകില്ലാത്തതിനാൽ അയൽവാസിയുടെ വീട്ടുമുറ്റത്താണ് ഓട്ടോ പാർക്കു ചെയ്യുന്നത്.
ചൊവ്വാഴ്ച 12 ന് ശേഷമാണ് സംഭവം നടന്നത്.12 ന് ശേഷം പ്രദേശത്ത് കറണ്ട് പോയ സമയത്താണ് കൃത്യം നടത്തിയത്.കഴിഞ്ഞ വർഷം സെപ്തംബർ മാസത്തിൽ ഇതേ വാഹനത്തിന് തീയിട്ട് നശിപ്പിച്ചിരുന്നു. അതിൻ്റെ പ്രതികളെ നാളിതു വരെയായിട്ടും കണ്ടെത്തിയില്ല.
ഇൻഷുറൻസ് കമ്പനിയിൽ നിന്നും മതിയായ നഷ്ടപരിഹാരവും ലഭിച്ചില്ല.ഇൻഷുൻറസ് കമ്പനിയിൽ നിന്നും എണ്ണായിരം രൂപ മാത്രമാണത്രേ ലഭിച്ചത്. തുടർന്ന് ഉടമസ്ഥനായ രാജേഷ് സിസിടിവി ക്യാമറ വാങ്ങി സ്ഥാപിച്ചിരുന്നു.
അതിൻ്റെ ദൃശ്യങ്ങൾ ഫോണിൽ ലഭിക്കാനുള്ള കാര്യങ്ങളും ചെയ്തിരുന്നു. ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയാവുന്നവരും,
കറണ്ട് പോയ സമയത്ത് ഇതിൻ്റെ ദൃശ്യങ്ങൾ ലഭിക്കുകയില്ല എന്നറിയാവുന്ന ആരോ ആണ് കൃത്യം ചെയ്തതെന്നും ചില സംശയങ്ങൾ ഉണ്ടെന്നുമാണ് ഉടമ പറയുന്നത്.
തീ പിടിച്ചതിനെ തുടർന്ന് ഭയങ്കരമായ ശബ്ദം ഉണ്ടാകുകയും വീടിൻ്റെ ജനൽ ചില്ലുകൾ പൊട്ടുകയും,ബൾബ് ഉരുകുകയും ചെയ്തിട്ടുണ്ട്.ശബ്ദം കേട്ടുണർന്ന വീട്ടമ്മയാണ് വാഹന ഉടമയെ വിവരം വിളിച്ച് അറിയിച്ചത്. ഉടമ സ്ഥലത്തെത്തിയപ്പോഴോക്കും ഓട്ടോറിക്ഷ പൂർണ്ണമായി കത്തി നശിച്ചു. നനയാതിരിക്കാനായി വലിച്ചു കെട്ടിയിരുന്ന ടാർപായയും കത്തി നശിച്ചു.ഉടമ രാജക്കാട് പോലീസിൽ പരാതി നൽകി.





