Timely news thodupuzha

logo

കെപിസിസിയുടെ ‘ലക്ഷ്യ ലീഡർഷിപ്പ് സമ്മിറ്റ് ‘ ദ്വിദിന ക്യാമ്പിന് സുൽത്താൻബത്തേരിയിൽ തുടക്കമായി

സുൽത്താൻബത്തേരി: ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിൻ്റെ മാറ്റ് കൂട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രമെഴുതാൻ ഒരുങ്ങി കോൺഗ്രസ്. പ്രമുഖ നേതാക്കൾ ഒന്നിച്ചിരുന്നും പ്രവർത്തന രീതി ചർച്ച ചെയ്തും വിജയതന്ത്രങ്ങൾ ആവിഷ്കരിച്ചുമുള്ള മുന്നൊരുക്കവുമായി കെപിസിസിയുടെ ‘ലക്ഷ്യ ലീഡർഷിപ്പ് സമ്മിറ്റ് ‘ ദ്വിദിന ക്യാമ്പിന് സുൽത്താൻബത്തേരിയിൽ തുടക്കമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരായ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യോഗം രൂപം നൽകും. ദേശീയ, സംസ്ഥാന തലത്തിലെ സമകാലിക രാഷ്ട്രീയ വിഷയങ്ങളിൽ വിശദമായ ചർച്ച നടത്തുന്നതോടൊപ്പം സംഘടനാ വിഷയങ്ങളും വിശദമായി ചർച്ച ചെയ്യും. രാവിലെ പത്തരയോടെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പതാക ഉയർത്തിയതോടെയാണ് സമ്മിറ്റിന് തുടക്കമായത്. തുടർന്ന് നടന്ന പൊതുസമ്മേളനം സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതി അഗംങ്ങളായ രമേശ് ചെന്നിത്തല, ഡോ. ശശി തരൂർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, മുൻ കെപിസിസി പ്രസിഡന്റുമാരായ കെ. മുരളീധരൻ, എം. എം ഹസൻ,യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ പി. സി വിഷ്ണുനാഥ് എംഎൽഎ, എ. പി അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംപി തുടങ്ങിയ നേതാക്കൾ സംസാരിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. രാത്രി വൈകിയും ചർച്ചകൾ തുടർന്നു. ഇന്ന് ഉചക്ക് ശേഷം മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തോടെയാണ് ക്യാമ്പ് സമാപിക്കുക.

Leave a Comment

Your email address will not be published. Required fields are marked *