Timely news thodupuzha

കൈക്കൂലി പണം വാങ്ങാൻ അക്കൗണ്ട് എടുത്തത് അസം സ്വദേശിയുടെ ആധാർ കാർഡ് ഉപയോഗിച്ച്; ഗുഗിൾ പേ പ്രവർത്തിപ്പിച്ചത് മറ്റൊരു മലയാളിയുടെ ഫോൺ നമ്പർ ഉപയോഗിച്ച്; വൈക്കം സി.ഐ ഷമീർ ഖാന്റെ കാനറാ ബാങ്കിലെ അക്കൗണ്ട് പരിശോധിച്ച് വിജിലൻസ് സംഘം

കോട്ടയം: ടിപ്പർ ഉടമകളിൽ നിന്നും മണ്ണ് മാഫിയ സംഘത്തിൽ നിന്നും കൈക്കൂലിപ്പണം വാങ്ങാൻ വൈക്കം ഇൻസ്‌പെക്ടർ ഷമീർഖാൻ അക്കൗണ്ട് ആരംഭിച്ചത് അസം സ്വദേശിയുടെ പേരിൽ. വൈക്കം കാനറാ ബാങ്കിൽ അസം സ്വദേശിയുടെ അധാറും പാൻകാർഡും ഉപയോഗിച്ച് അക്കൗണ്ട് ആരംഭിച്ച ഷമീർഖാൻ , ഈ അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നതിനായി വൈക്കത്തെ മറ്റൊരു മലയാളിയുടെ ഫോൺ നമ്പരും ഉപയോഗിച്ചു. ഈ അക്കൗണ്ടിന്റെ വിശദാംശങ്ങൾ കണ്ടെത്തുന്നതിനായി വിജിലൻസ് സംഘം വൈക്കം കാനറാ ബാങ്കിൽ പരിശോധന നടത്തുകയാണ്.

കഴിഞ്ഞ മാസം അഞ്ചിനാണ് വൈക്കം കാനറാ ബാങ്കിന്റെ ശാഖയിൽ ഷമീർ ഖാൻ അക്കൗണ്ട് ഓപ്പൺ ചെയ്തത്. ഇതിന് ശേഷം ഏഴാം തീയതി മുതൽ ഈ അക്കൗണ്ടിലേയ്ക്ക് പണം വന്നു തുടങ്ങിയിരുന്നു. ഇന്നലെ വരെയുള്ള സമയത്തിനിടെ രണ്ടര ലക്ഷത്തോളം രൂപയാണ് ഷമീർഖാൻ തുടങ്ങിയ ഈ അക്കൗണ്ടിലേയ്ക്ക് എത്തിയിരുന്നത്. കൃത്യമായ തുക ഓരോ ദിവസവും എ.ടി.എം വഴി ഇദ്ദേഹം പിൻവലിച്ചിരുന്നതായും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. മാസ്‌ക് ധരിച്ചും, ഹെൽമറ്റ് ധരിച്ചുമാണ് ഇദ്ദേഹം എ.ടി.എം കൗണ്ടറിൽ കയറിയിരുന്നത്. ഇതിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങളും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്.

കോട്ടയം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ വൈക്കം സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടിന്റെ വിവരങ്ങൾ കണ്ടെത്തിയത്. പരിശോധന പൂരോഗമിക്കുകയാണ്
കോട്ടയം വിജിലൻസ് പൊലീസ് സൂപ്രണ്ട് ആർ.ബിനുവും ടി.ആർ പ്രദീപ്കുമാറും ഇദ്ദേഹത്തെ ചോദ്യം ചെയ്തു വരികയാണ്. ഇൻസ്പെക്ടർമാരായ സജു ടി.ദാസ്, അനിൽകുമാർ, രമേശ്കുമാർ, മനു വി.നായർ, എസ്.ഐമാരായ അനിൽ, രാജീവ്, എ.എസ്.ഐമാരായ രജീഷ്, അരുൺ ചന്ദ്, ഷൈജു കുരുവിള, പ്രദീപ്കുമാർ, രാജേഷ്, അനൂപ് കെ.എ, ഗിരീഷ് കുമാർ, ജോഷി ഇഗ്‌നേഷ്യസ്, വി.ജാൻസി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *