തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി -കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ പരിസ്ഥിതിമിത്രം പുരസ്കാരത്തിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബൻ അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിൽ നടക്കുന്ന സംസ്ഥാനതല പരിസ്ഥിതി ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ സമ്മാനിക്കും.
കാലാവസ്ഥ വ്യതിയാനവും അനുബന്ധദുരന്തങ്ങളും വിവിധ ആവാസവ്യവസ്ഥകളിലെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ തുടങ്ങിയവ സംബന്ധിച്ച് കഴിഞ്ഞ വർഷം ജനയുഗം പ്രസിദ്ധീകരിച്ച വിവിധ പരമ്പരകളും ഫീച്ചറുകളുമാണ് സാംബനെ മാധ്യമ വിഭാഗത്തിൽ പുരസ്‌കാരത്തിന് അർഹനാക്കിയത്. ജീജഭായ് പി എം (പരിസ്ഥിതി സംരക്ഷണം ) ഡോ. പി ജെ സർലിൻ (ഗവേഷണം ) എന്നിവരും സ്ഥാപനങ്ങളുടെ വിഭാഗത്തിൽ കാർഷിക കോളജ് വെള്ളായണി, തൃശൂർ കോർപ്പറേഷൻ എന്നിവയും പുരസ്കാരങ്ങൾക്ക് അർഹമായി. 33 വർഷമായി മാധ്യമ രംഗത്തുള്ള സാംബന് ലഭിക്കുന്ന 64-ആമത്തെ പുരസ്കാരമാണിത്.
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ പുരസ്കാരം രണ്ടുവട്ടം നേടിയിട്ടുണ്ട്. സരോജിനി നായിഡു പുരസ്‌കാരം, രാംനാഥ് ഗോയങ്ക അവാർഡ് , സ്റ്റേറ്റ്സ്മാൻ അവാർഡ് , കുഷ്‌റോ ഇറാനി പുരസ്‌കാരം, കെ സി കുലീഷ് രാജ്യന്തര അവാർഡ് , ജർമൻ എംബസി അവാർഡ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ ഇന്ത്യൻ ലാംഗ്വേജ് റിപ്പോട്ടർ ഓഫ് ദി ഇയർ പുരസ്‌കാരം, സംസ്ഥാന മാധ്യമ അവാർഡ് തുടങ്ങിയവയും ലഭിച്ചു. പരിസ്ഥിതി മിത്രം പുരസ്കാരത്തിന് അർഹനാകുന്നത് രണ്ടാം തവണയാണ്. തൊടുപുഴ കോലാനി ഓവൂർ കുടുംബാംഗമാണ്. ഭാര്യ സേതുമോൾ. മക്കൾ: സാന്ദ്ര, വൃന്ദ. മരുമകൻ: എസ് അനൂപ്.






