Timely news thodupuzha

കെ.എസ്.ആർ.റ്റി.സി സർവീസ് വടക്കൻ ജില്ലകളിൽ വർധിപ്പിക്കും

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ കെഎസ്ആർടിസി സർവീസുകൾ താരതമ്യേന വളരെ കുറവാണെന്ന വസ്തുത അംഗീകരിക്കുന്നെന്നും മലബാർ മേഖല നേരിടുന്ന ഈ വലിയ യാത്രാ പ്രതിസന്ധിയും വിവേചനവും ഗൗരവമായി കണ്ട് എത്രയും വേഗം പരിഹാരം കാണുമെന്നും ഗതാഗതമന്ത്രി സി.പി ജോൺ നിയമസഭയിൽ അറിയിച്ചു. കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയിട്ടുള്ള സൗജന്യ യാത്രാ സൗകര്യം സംസ്ഥാനത്തെ എല്ലാവരിലും ഒരുപോലെ എത്തിക്കുന്നതിനായി വടക്കൻ ജില്ലകളിൽ കൂടുതൽ കെഎസ്ആർടിസി ഡിപ്പോകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ടുള്ള വി.റ്റി ബൽറാം എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കെഎസ്ആർടിസിയുടെ ആകെ ബസുകളിൽ 24.3 ശതമാനം മാത്രമാണ് മലബാർ മേഖലയിലുള്ളത്.

സർവീസുകളുടെ കാര്യത്തിലാകട്ടെ ഇത് 33 ശതമാനം മാത്രമാണ്. മലബാർ മേഖല നേരിടുന്ന ഈ വലിയ യാത്രാ പ്രതിസന്ധിയും വിവേചനവും ഗൗരവമായി കണ്ട് എത്രയും വേഗം പരിഹാരം കാണുമെന്നും, വടക്കൻ ജില്ലകളിൽ കൂടുതൽ സർവീസുകളും ഡിപ്പോ സൗകര്യങ്ങളും വികസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി സഭയ്ക്ക് ഉറപ്പു നൽകി. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ ജില്ലകളിൽ നിലവിൽ നാമമാത്രമായ എണ്ണം കെഎസ്ആർടിസി ഡിപ്പോകൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് ബൽറാം ചൂണ്ടിക്കാട്ടി.

ഇത് മൂലം സർക്കാരിൻറെ സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യം ഭൂരിഭാഗം വരുന്ന മലബാറിലെ സ്ത്രീകൾക്കും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാനും പ്രാദേശികമായുള്ള അസന്തുലിതാവസ്ഥ മാറ്റാനും സർക്കാരിന്റെ പ്രത്യേക ശ്രദ്ധ വടക്കൻ ജില്ലകളിൽ ഉണ്ടാകണമെന്നും കൂടുതൽ ഡിപ്പോകൾ അനുവദിക്കാൻ തയ്യാറാകണമെന്നും വി.ടി ബൽറാം ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *