ഇടുക്കി: ഷിഗല്ല രോഗബാധ ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ബാക്ടീരിയ പരത്തുന്ന ഒരു വയറിളക്കരോഗമാണ് ഷിഗല്ല. രോഗിയുടെ മലവിസർജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കൾ മലിനമായ ആഹാരം, വെള്ളം, രോഗാണുക്കൾ ഉള്ള പ്രതലങ്ങൾ രോഗിപരിചണം എന്നിവയിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. പനി, വയറിളക്കം, ഛർദി, മനംപിരട്ടൽ, രക്തം കലർന്ന മലം, വേദനയോടെ ഇടവിട്ട് ശുചിമുറിയിൽ പോകണമെന്ന് തോന്നൽ തുടങ്ങിയവ ലക്ഷണങ്ങളാണ്.
പ്രതിരോധമാർഗം
ഭക്ഷണത്തിനു മുമ്പും ശൗചാലയും ഉപയോഗിച്ച ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. തിളപ്പിച്ചാറിയ കുടിവെള്ളം മാത്രം ഉപയോഗിക്കുക. ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക. രോഗലക്ഷണങ്ങൾ ഉള്ളവർ ഭക്ഷണം തയ്യാറാക്കുന്നത് ഒഴിവാക്കുക.
ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങൾ, വിദ്യാലയങ്ങൾ, ഹോസ്റ്റലുകൾ, തട്ടുകടകൾ, മറ്റുഭക്ഷണശാലകൾ എന്നിവിടങ്ങളിൽ ശുചിത്വപരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാവകുപ്പുമായി സംയോജിച്ച് സംയുക്തപരിശോധനകൾ നടത്തുന്നതായും വ്യക്തിശുചിത്വം സംബന്ധിച്ചും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ഹാൻഡ് വാഷിംഗ് സംബന്ധിച്ചുമുള്ള ബോധവത്കരണം ശക്തമാക്കിയതായും ഡിഎംഒ അറിയിച്ചു.
വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഭക്ഷണനിർമ്മാണം, സംഭരണം, വിതരണം എന്നിവയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായിപാലിക്കണം. സ്‌കൂളുകളിൽ കുട്ടികൾക്കു വിതരണം ചെയ്യുന്ന മുട്ട കഴുകിയതിനുശേഷം മാത്രം പുഴുങ്ങുകയും, പുഴുങ്ങിയ വെള്ളം ഒഴിച്ചുകളയുകയും അന്തരീക്ഷ ഊഷ്മാവിൽ തണുക്കാൻ വെച്ചതിനു ശേഷം മാത്രം കുട്ടികൾക്ക് വിതരണം ചെയ്യേണ്ടതാണ്. വിദ്യാർത്ഥികൾ, അധ്യാപകർ, പാചകതൊഴിലാളികൾ, മറ്റുജീവനക്കാർ എന്നിവർക്ക് വ്യക്തിശുചിത്വം കൈകഴികൾ സുരക്ഷിത ഭക്ഷണശീലങ്ങൾ എന്നിവ സംബന്ധിച്ച ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കണം.
രോഗങ്ങളെകുറിച്ചും ജലജന്യരോഗങ്ങളെകുറിച്ചും പകർച്ചാവ്യാധികളെക്കുറിച്ചുള്ള അവബോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം.
രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പ് നൽകുന്ന മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഇടുക്കി അറിയിച്ചു.






