തൊടുപുഴ: തൊടുപുഴയുടെ സമഗ്ര വികസനത്തിന് പിൻബലമേകാൻ ഫിലിം സിറ്റി, സ്റ്റേഡിയം കം സ്പോർട്സ് കോംപ്ലക്സ് എന്നിവ യാഥാർത്ഥ്യമാക്കാൻ സിയാൽ മോഡൽ കമ്പനി രൂപീകരിക്കാൻ ആലോചന നടത്തുന്നതായി തൊടുപുഴ എംഎൽഎയും ഗവൺമെന്റ് ചീഫ് വിപ്പുമായ അപു ജോൺ ജോസഫ് അറിയിച്ചു. സ്ഥല ലഭ്യതയും ജലലഭ്യതയും ആവശ്യത്തിനുള്ള തൊടുപുഴയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ ധാരാളം യുവജനങ്ങൾക്ക് ഈ മേഖലയിൽ നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും ചീഫ് വിപ്പ് പറഞ്ഞു. കേരള കോൺഗ്രസ് ആലക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ മറുപടി പ്രസംഗ മധ്യേയാണ് അദ്ദേഹം ഈ കാര്യങ്ങൾ അറിയിച്ചത്.
കേരള കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രൊഫസർ എം ജെ ജേക്കബ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം പ്രസിഡന്റ് ടോമി കാവാലം അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി വി ജോമോൻ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ജബ്ബാർ, നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലയിസ് ജി വാഴയിൽ, പി ജി വിജയൻ, ജില്ലാ പഞ്ചായത്ത് അംഗം സജി പി ജോസ്, ബ്ലോക്ക് മെമ്പർ ജാൻസി മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു എബി, പഞ്ചായത്ത് അംഗം രാജു സ്‌കറിയ, ബിനു ലോറൻസ്, മാത്യു ചേമ്പ്ലാങ്കൽ,അഗസ്റ്റിൻ കല്ലിടുക്കൽ,ജോസ് പാലാട്ട് എന്നിവർ പ്രസംഗിച്ചു. പുതുതായി പാർട്ടിയിൽ ചേർന്നവർക്ക് അപു ജോൺ ജോസഫ് മെമ്പർഷിപ്പുകൾ വിതരണം ചെയ്തു.






