Timely news thodupuzha

അടിമാലി സ്വദേശിക്ക് അന്താരാഷ്ട്ര അംഗീകാരം

ഇടുക്കി: അടിമാലി സ്വദേശിയായ യുവ ഗവേഷകൻ ഡോ. മിതുൽ ജോസഫ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഗവേഷണനേട്ടം കൈവരിച്ച് കേരളത്തിന് അഭിമാനമായി. ലോകപ്രശസ്‌ത വിദ്യാഭ്യാസ സ്ഥാപനമായ യൂണിവഴ്സിറ്റി ഓഫ് ലീഡ്‌സും അന്താരാഷ്ട്ര അക്കൗണ്ടിങ്ങ് സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസും സംയുക്തമായി സംഘടിപ്പിച്ച പൊളിറ്റിക്കൽ അക്കൗണ്ടിങ് സമ്മർ സ്കൂ‌ളിലേക്കാണ് ഡോ. മിതുൽ ജോസഫിന്റെ ഗവേഷണ പ്രബന്ധം തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ഗവേഷകനെന്ന അപൂർവ നേട്ടവും ഡോ. മിതുൽ സ്വന്തമാക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 25 പ്രശസ്ത സർവകലാശാലകളിൽ നിന്നുള്ള പ്രതിനിധികളോടൊപ്പം ഇതിൽ പങ്കെടുക്കാനായതും മിതുലിന്റെ നേട്ടമാണ്. പ്രമുഖ ഗവേഷകരും പ്രതിനിധികളും പങ്കെടുക്കുന്ന ഈ അന്താരാഷ്ട്ര വേദിയിൽ തന്റെ ഗവേഷണ ആശയങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.

യു.കെയിൽ നടന്ന ലോകപ്രശസ്‌ത സമ്മർ സ്‌കൂളിൽ പങ്കെടുക്കുന്നതിനായി ഡോ. മിതുൽ ജോസഫിന് ഔദ്യോഗിക ക്ഷണം ലഭിക്കുകയായിരുന്നു. കേരള നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ ഉപയോഗിച്ച സോഷ്യൽ മീഡിയ രീതികളെക്കുറിച്ചും അതിനോട് ജനങ്ങൾ എങ്ങനെ പ്രതികരിച്ചു എന്നതിനെക്കുറിച്ചും ആയിരുന്നു ഗവേഷണ പഠനം. ലോകോത്തര ഗവേഷകരുമായി ആശയവിനിമയം നടത്താനും പുതിയ ഗവേഷണ സാധ്യതകൾ കണ്ടെത്താനും ഈ വേദി സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

അടിമാലി സ്വദേശിയും പൊതുപ്രവർത്തകനുമായ കോയിക്കക്കുടി ഷാജി ജോസഫിന്റെയും അധ്യാപകയായ ബീനയുടെയും മകനായ ഡോ. മിതുൽ ജോസഫ്, വിദ്യാഭ്യാസ രംഗത്തെ മികവിലൂടെ ഇതിനോടകം തന്നെ ശ്രദ്ധേയനാണ്.

അടിമാലി വിശ്വദീപ്തി സി.എം.ഐ പബ്ലിക് സ്കൂൾ, പാലാ സെന്റ് വിൻസന്റ് സി.എം.ഐ സ്‌കൂൾ എന്നിവടങ്ങളിലാണ് പ്രാഥമിക വി ദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ബെംഗളൂരുവിലെ ക്രൈസ്‌റ്റ് സർവകലാശാലയിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കി. നിലവിൽ ദുബായിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷൻ ക്യാമ്പസിൽ അസിസ്‌റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചുവരികയാണ്. ഭാര്യ ആനി.

Leave a Comment

Your email address will not be published. Required fields are marked *