Timely news thodupuzha

കയ്യേറ്റക്കാരെ ഒഴിപ്പിക്കും, അർഹരായവർക്ക് പട്ടയം നൽകും: മന്ത്രി എ.പി അനിൽ കുമാർ

കുടയത്തൂർ: അനർഹമായി ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാനുള്ള ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് റവന്യൂ മന്ത്രി എ.പി അനിൽ കുമാർ. അക്കാര്യത്തിൽ ജനങ്ങളുടെ പിന്തുണയുണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു. അതേസമയം അർഹരായവർക്ക് പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുടയത്തൂരിൽ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൽ ഭൂമി സംബന്ധമായ പ്രശ്‌നങ്ങൾ ഏറ്റവും കൂടുതലുള്ള ജില്ലയാണ് ഇടുക്കി. പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിയുടെ പട്ടയത്തിനായി കാത്തിരിക്കുന്നവർക്ക് പട്ടയം ലഭിക്കണം. ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ചെയ്തുകൊടുക്കുന്ന കാര്യത്തിൽ ഒരു വീഴ്ചയുമുണ്ടാവരുതെന്നാണ് സർക്കാരിന്റെ സമീപനം. അത് ജനങ്ങളുടെ അവകാശമാണെന്ന് മന്ത്രി പറഞ്ഞു. റോയ് കെ പൗലോസ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, റവന്യൂ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി കെ. ജീവൻ ബാബു, ഇടുക്കി സബ് കലക്ടർ അനൂപ് ഗർഗ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരൻ, കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ, അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ്, ജില്ലാപഞ്ചായത്ത് അംഗം സജി പി. ജോസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ ചന്ദ്രശേഖരൻ, കുടയത്തൂർ ഗ്രാമപഞ്ചായത്ത് അംഗം തസ്‌നി ടി.കെ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *