
കൊച്ചി: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച്, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) വിമാനത്താവളത്തിൽ മുലയൂട്ടുന്നതിനും കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നതിനുമുള്ള ‘കൂക്കൂൺ ലാക്റ്റേഷൻ പോഡ്’ (Cukoon Lactation Pod) ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര യാത്രാ വിഭാഗത്തിന്റെ (International Departures) പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഈ പോഡ്, ‘സിമാർ – ദി വിമൻസ് ഹോസ്പിറ്റൽ’ (CIMAR – The Women’s Hospital), ‘അവർ ഇക്കിഗായ് ഫൗണ്ടേഷൻ’ (Our IKIGAI Foundation) എന്നിവയുമായി സഹകരിച്ചാണ് രൂപകൽപ്പന ചെയ്ത് സ്ഥാപിച്ചിരിക്കുന്നത്. മുലയൂട്ടുന്ന അമ്മമാർക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനും മുലയൂട്ടുന്നതിനും സുരക്ഷിതവും സ്വകാര്യവും ശുചിത്വപൂർണ്ണവുമായ ഒരിടം ഇത് പ്രദാനം ചെയ്യുന്നു. സിയാൽ മാനേജിംഗ് ഡയറക്ടർ ശ്രീ. എസ്. സുഹാസ് ഐ.എ.എസ്. ആണ് പോഡ് ഉദ്ഘാടനം ചെയ്തത്. സിമാർ സി.ഇ.ഒയും ഡയറക്ടറുമായ ശ്രീ. ഗോകുൽ ഗോപിനാഥ്, സിമാർ കൊച്ചി മെഡിക്കൽ സൂപ്രണ്ട് ഡോ. മീനു ബത്ര പരശുറാം എന്നിവരും സിയാൽ, സിമാർ, അവർ ഇക്കിഗായ് ഫൗണ്ടേഷൻ എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.സിയാൽ നിലവിൽ യാത്രക്കാർക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾക്ക് മുതൽക്കൂട്ടാണ് പുതുതായി സ്ഥാപിച്ച ഈ പോഡ്. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന അമ്മമാരുടെ സൗകര്യാർത്ഥം ടെർമിനൽ കെട്ടിടങ്ങൾക്കുള്ളിൽ ഇതിനകം തന്നെ നാല് പ്രത്യേക ഫീഡിംഗ് റൂമുകൾ വിമാനത്താവളത്തിലുണ്ട്. ടെർമിനലിനുള്ളിലെ സൗകര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, അന്താരാഷ്ട്ര യാത്രാ വിഭാഗത്തിന്റെ പുറത്താണ് പുതിയ പോഡ് സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ, ടെർമിനലിനുള്ളിൽ പ്രവേശിക്കാതെ തന്നെ യാത്രക്കാർക്കൊപ്പമുള്ള കുടുംബാംഗങ്ങൾക്കും സന്ദർശകർക്കും മറ്റുള്ളവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കും.






