Timely news thodupuzha

ബാലറ്റിലൂടെയുള്ള തെരഞ്ഞെടുപ്പ് പുന:സ്ഥാപിക്കണം: കെ സലിംകുമാർ

ഇടുക്കി: രാജ്യത്തെ ജന്നാധിപത്യം സംരക്ഷിക്കാൻ ബാലറ്റിലൂടെയുള്ള തെരഞ്ഞെടുപ്പ് സമ്പ്രദായം പുന:സ്ഥാപിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ ആവശ്യപ്പെട്ടു. സിപിഐ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് ന്യൂഡൽഹി രാംലീല മൈതാനത്ത് കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന ഡൽഹി ചലോ പ്രക്ഷോഭത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി സേനാപതി, മുക്കുടിൽ ലോക്കൽ കമ്മിറ്റികളുടെ രാഷ്ട്രീയ കാൽനട ജാഥയുടെ സമാപന സമ്മേളനം മാങ്ങാത്തൊട്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വികസിത രാജ്യങ്ങൾ പോലും ഉപേക്ഷിച്ചതാണ് ഇലക്ട്രോണിക് വോട്ടിഗ് മെഷിനുകൾ. അത് ഉപയോഗിച്ച തെരഞ്ഞെടുപ്പുകളിൽ ബിജെപി സർക്കാർ നേടിയ വിജയങ്ങൾ സംശയത്തിന്റെ നിഴലിലാണ്.

തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ ബാലറ്റ് പേപ്പർ സംവിധാനം തിരിച്ചുകൊണ്ടുവന്നേ തീരൂ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ വിവിധ മേഖലകളിൽ പ്രതിസന്ധി അത്യന്തം രൂക്ഷമാകുകയാണ് തൊഴിലില്ലായ്മയും വിലക്കയറ്റവും തടയുമെന്നും തൊഴിലാളികളുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയും ആദിവാസി, ദളിത് വിഭാഗങ്ങളുടെയും ദുരിതങ്ങള്‍ പരിഹരിക്കുമെന്നും വാഗ്ദാനം നല്‍കിയാണ് മോഡി അധികാരത്തില്‍ വന്നത്.

അധികാരത്തിലെത്തിയ ശേഷം വാഗ്ദാനങ്ങള്‍ പൂര്‍ണമായും വിസ്മരിച്ച്, രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ അജണ്ട നടപ്പിലാക്കുകയായിരുന്നു അദ്ദേഹം. ആര്‍ എസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രമായി ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവന്നത്. മത-ജാതി-ഗോത്ര, ദേശാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ചും വിദ്വേഷം ആളിക്കത്തിച്ചും രാജ്യത്തെ മതനിരപേക്ഷതയും, ജനാധിപത്യ ബോധവും ദുര്‍ബലപ്പെടുത്തി തങ്ങളുടെ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി അതിശക്തമായ സമരങ്ങളാണ്‌‍ രാജ്യത്തെ വിവിധ വിഭാഗം ജനങ്ങള്‍ നടത്തുന്നത്. സെപ്റ്റംബര്‍ ഒന്നിന് സിപിഐ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭം രാജ്യത്ത്‌ വഴിത്തിരിവാകും.സമരത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി ഓഗസ്റ്റ് ആറ് മുതല്‍ 14 വരെ രാജ്യവ്യാപകമായി പദയാത്രയ്ക്ക് ആഹ്വാനം നല്‍കിയിട്ടുണ്ട്. വിലക്കയറ്റം തടയുക, യുവജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കുക, ദേശീയമായി പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവും ഉറപ്പാക്കുക, വനിതാ സംവരണം ഉടന്‍ നടപ്പിലാക്കുക, താങ്ങുവിലയ്ക്ക് നിയമപരമായി ഗ്യാരന്റി നല്‍കുക, തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കാന്‍ പേപ്പര്‍ ബാലറ്റ് പുനഃസ്ഥാപിക്കുക, ആദിവാസി, ദളിത് ജനവിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കുക, അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളാണ് സിപിഐ മുന്നോട്ടുവയ്ക്കുന്നത്. ‘ബദലാവ് സരൂരി ഹെ – മാറ്റം അനിവാര്യമാണ്’ എന്ന മുദ്രാവാക്യം രാജ്യത്തുടനീളം ഉയര്‍ന്നുകഴിഞ്ഞുവെന്നും സലിംകുമാർ പറഞ്ഞു. സമരവിളംബരമായി സിപിഐ കാൽനട ജാഥകൾഇടുക്കി: സിപിഐ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് ഡൽഹി രാംലീല മൈതാനത്ത് കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന ഡൽഹി ചലോ പ്രക്ഷോഭത്തിന്റെ പ്രചരണാർത്ഥമുള്ള കാൽനട ജാഥകൾ നാടെങ്ങും ആവേശമായി. സേനാപതി, മുക്കുടിൽ ലോക്കൽ കമ്മിറ്റികളുടെ രാഷ്ട്രീയ കാൽനട ജാഥയുടെ സമാപന സമ്മേളനം മാങ്ങാത്തൊട്ടിയിൽ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ പി ബി മോഹനൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ സി ജെ ചാക്കോ സ്വാഗതം പറഞ്ഞു. സി യു ജോയി, പ്രിൻസ് മാത്യു, പി എസ് സനൽ, വിനോദ് എന്നിവർ സംസാരിച്ചു. പി എസ് ഗിരീഷ് ക്യാപ്റ്റനും എം ജെ ഷാജി, വിനീത് ചാക്കോ എന്നിവർ വൈസ് ക്യാപ്റ്റന്മാരും ആന്റോ തോമസ് ഡയറക്ടറുമായ സേനാപതി ജാഥയുടെ ഉദ്ഘാടനം സി യു ജോയിയാണ് നിർവഹിച്ചത്. പി സി മനോജ് ക്യാപ്റ്റനും ജെസി സാമുവൽ, പി ടി ജോണി എന്നിവർ വൈസ് ക്യാപ്റ്റന്മാരും എം ആർ വിജയകുമാർ ഡയറക്ടറുമായ മുക്കുടിൽ ജാഥ പ്രിൻസ് മാത്യു നിർവഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked *