ഇടുക്കി: അധികാരികളുടെ വാഗ്ദാനങ്ങൾ വെറും വാക്കായി അവശേഷിക്കുമ്പോൾ, അടിയന്തര വൈദ്യസഹായത്തിനായി വീണ്ടും രോഗിയെ മഞ്ചലിൽ ചുമന്ന് കിലോമീറ്ററുകൾ താണ്ടി ഇടമലക്കുടിയിലെ ഗോത്രജനത. ഇടമലക്കുടി ഗൂഡല്ലാർകുടി സ്വദേശിയായ 75 വയസ്സുകാരൻ മാലയപ്പനെയാണ് കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടർന്ന് പ്രദേശവാസികൾ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിച്ചത്.കമ്പിൽ തുണി കെട്ടിയുണ്ടാക്കിയ മഞ്ചലിൽ കിടത്തി, വനപാതയിലൂടെയും പുഴ മുറിച്ചുകടന്നും കുടിനിവാസികളായ നിരവധി പേർ മാറിമാറി നാല് കിലോമീറ്ററോളമാണ് ഇയാളെ ചുമന്നത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ മണലാർ പുഴയ്ക്ക് കുറുകെയുണ്ടായിരുന്ന ഒറ്റത്തടിപ്പാലം ഒലിച്ചുപോയത് പ്രദേശവാസികളുടെ യാത്ര പൂർണ്ണമായും തടസ്സപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അപകടകരമായ രീതിയിൽ കാട്ടുപാതയിലൂടെ സഞ്ചരിച്ച് മാങ്കുളത്തിന് സമീപമുള്ള ആനകുളത്ത് എത്തിച്ച ശേഷമാണ് രോഗിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനായത്.

ആനക്കുളത്ത് നിന്ന് 28 കിലോമീറ്റർ അകലെയാണ് അടിമാലി താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്നത്.നിലവിൽ ഗൂഡല്ലാർകുടിയിൽ പനിയും മറ്റ് പകർച്ചവ്യാധികളും പടർന്നുപിടിക്കുന്ന സാഹചര്യം നിലനിൽക്കെയാണ് ഈ ദുരിതയാത്ര. കഴിഞ്ഞ വർഷവും സമാന രീതിയിൽ ഒരു വിദ്യാർത്ഥിയെ മഞ്ചലിൽ ചുമന്ന് ആശുപത്രിയിൽ എത്തിച്ചത് വലിയ വാർത്താപ്രാധാന്യവും ജനരോഷവും സൃഷ്ടിച്ചിരുന്നു.പ്രദേശത്തേക്ക് നാല് കിലോമീറ്റർ റോഡ് നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ച് എം.എൽ.എ, എം.പി അടക്കമുള്ള ജനപ്രതിനിധികൾക്കും സർക്കാരിനും നിവേദനം നൽകിയിരുന്നെങ്കിലും തുടർനടപടികളുണ്ടായിട്ടില്ലെന്ന് ആദിവാസികൾ ആരോപിക്കുന്നു. വഴി നിർമ്മിക്കാൻ ഉടൻ നടപടിയെടുക്കുമെന്ന് ജനപ്രതിനിധികൾ മുൻപ് ഉറപ്പുനൽകിയിരുന്നെങ്കിലും വനംവകുപ്പിന്റെ എതിർപ്പും മറ്റ് വകുപ്പുകളുടെ നിഷ്ക്രിയത്വവും കാരണം പദ്ധതി ഇപ്പോഴും കടലാസിൽ മാത്രമായി തുടരുകയാണ്.






