തിരുവനന്തപുരം: ലഹരിക്കെതിരെ നടപടിയെടുക്കുന്നവരെ പിന്തുണയ്ക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടതെന്നും അതിൽ രാഷ്ട്രീയം കലർത്തരുതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരിക്കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിലായ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രതിപക്ഷ നേതാവിന്റെ ആരോപണം ശുദ്ധ തെറ്റാണ്.
ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. എൽ.ഡി.എഫ് ഭരിച്ച പത്ത് വർഷക്കാലത്ത് ലഹരിക്ക് തടയിടാൻ ഒന്നും ചെയ്യാൻ തയ്യാറായില്ല. ലഹരിക്കേസിൽ പിടിയിലാകുന്നത് ഡിവൈഎഫ്‌ഐ ആയാലും യൂത്ത് കോൺഗ്രസ് ആയാലും ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരും. പ്രതികൾക്ക് ആരുമായാണ് ബന്ധമെന്നത് നോക്കിയല്ല നടപടി സ്വീകരിക്കുന്നത്.
താനുമായോ മുഖ്യമന്ത്രിയുമായോ ബന്ധമുള്ള ആളാണെങ്കിലും നിയമനടപടി ഉണ്ടാകും.പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ നിരവധി പേരുമായി ഫോട്ടോ എടുക്കാറുണ്ട്. ഫോട്ടോ എടുക്കുന്നവരുടെ ജാതകം പരിശോധിക്കാൻ കഴിയില്ലല്ലോ. അതിന്റെ പേരിൽ ആരുമായും ബന്ധമുണ്ടെന്ന് പറയാനാകില്ല. ‘ഓപ്പറേഷൻ തൂഫാൻ’ പിന്നോട്ട് പോകുമെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനവും അടിസ്ഥാനരഹിതമാണ്. തൂഫാൻ നോഡൽ ഓഫീസർ പുട്ട വിമലാദിത്യ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഒന്നര മാസം അവധിയെടുത്തതിനാലാണ് പുതിയ ആളെ ചുമതല ഏൽപ്പിച്ചത്. അദ്ദേഹം ഇപ്പോൾ ആന്ധ്രയിലാണുള്ളത്. തിരിച്ചെത്തിയാൽ അദ്ദേഹം തന്നെ നോഡൽ ഓഫീസറായി തുടരും.വാർത്താ ചാനലുകളുടെ സമൂഹമാധ്യമ വാർത്താ കാർഡുകളും ലിങ്കുകളും മെറ്റ നീക്കം ചെയ്ത സംഭവത്തിൽ തനിക്ക് അറിവില്ല. സോഷ്യൽ മീഡിയയിൽ നിന്ന് ലിങ്കുകൾ നീക്കം ചെയ്യുന്നതിൽ പൊലീസിന് യാതൊരു പങ്കുമില്ല. പൊലീസ് അത്തരം കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.






