തൊടുപുഴ: രാത്രിയുടെ മറവിൽ പലതവണ മാരകമായ രാസ മാലിന്യങ്ങൾ ജലാശയത്തിലേയ്ക്ക് ഒഴുക്കിയ വെള്ളിയാമറ്റത്തെ പ്ലൈവുഡ് കമ്പിനികൾക്കെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനായി തൊടുപുഴയിൽ വിളിച്ചു ചേർത്ത യോഗം പ്രമുഖ സാമൂഹ്യ പ്രവർത്തകനും ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ഡോ. വിൻസെന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. പൊതുജനാരോഗ്യത്തിന് വെല്ലുവിളിയായ ഇത്തരം കമ്പിനികൾക്കെതിരെ ജനകീയ സമരം വളർത്തുന്നതിന് നാടിനെ സ്നേഹിക്കുന്നവർ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡണ്ട് പ്രൊഫ. ജോയി മൈക്കിൾ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്തുകളിൽ നിന്നും തൊടുപുഴ റസിഡൻസ് അസോസിയേഷനുകളെ പ്രതിനിധീകരിച്ചും യോഗത്തിൽ ആളുകൾ പങ്കെടുത്തു. തുടർ പ്രവർത്തനങ്ങൾക്കായി മലങ്കര ജലാശയ സംരക്ഷണ സമിതി – എന്ന പേരിൽ ജനകീയ കൂട്ടായ്മയ്ക്ക് രൂപം നൽകി. മലിനീകരണത്തിനെതിരെ തദ്ദേശസ്ഥാപനങ്ങൾ, മലനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവയ്ക്ക് നിവേദനങ്ങൾ നൽകുവാൻ തീരുമാനിച്ചു.

ജനകീയ സമിതി ഭാരവാഹികളായി ഡോ. വിൻസൻ്റ് മാളിയേക്കൽ ചെയർമാനും വി.ജെ ഫ്രാൻസിസ് ജനറൽ കൺ വീനറുമായി 51 അംഗ കമ്മിറ്റി നിലവിൽ വന്നു. യോഗത്തിൽ റ്റി.ജെ പീറ്റർ, പുന്നൂസ് മംഗലത്ത്, സെബാസ്റ്റ്യൻ മാത്യു, ജോസ് ചുവപ്പങ്കൽ, എസ്.ജി സുദശനൻ, പി.സി ജോളി, ജെയ്സൺ പി ജോസഫ്, എൻ വിനോദ്കുമാർ ജെയ്സൺ മാത്യു തുടങ്ങിയവർ സംസാരിച്ചു.






