ഇടുക്കി: 87 ആം വയസ്സിലും മരിയാപുരത്തെ മുണ്ടനാട്ട് ചേട്ടന് പ്രധാന ദിനചര്യ കൃഷിയാണ്. നാട്ടുകാർ മുണ്ടനാട്ടു ചേട്ടൻ എന്ന് സ്നേത്തോടെ വിളിക്കുന്ന മരിയാപുരം മുണ്ടനാട്ട് സെബാസ്റ്റ്യൻ മത്തായി എന്ന കർഷകൻ 1959 ലാണ് പാലായിൽ നിന്നും നാൽപ്പതോളം സുഹൃത്തുക്കളുമൊത്ത് ഇടുക്കിയുടെ മലയോരത്ത് കുടിയേറിയത്. അന്നുതൊട്ടിന്നോളം പകലന്തിയോളം മണ്ണിൽ പണിയെടുക്കും. പുലർച്ചേ ഒരു കടുംചായ കുടിച്ചുകൊണ്ട് പറമ്പിലേക്കിറങ്ങിയാൽ തിരികെ കേറുമ്പോൾ ഇരുട്ടു വീഴും.
പത്തു മണിയോടെ അൽപ്പം കപ്പയും ഉണക്കമീനും കഴിക്കും. പിന്നെ കുറച്ചു വെള്ളം കുടിച്ച് പേരിനൊരു വിശ്രമം ഉച്ചഭക്ഷണം കഴിച്ചാലും അധികം സമയം ചിലവഴിക്കില്ല. സ്വന്തമായുള്ള രണ്ടേക്കർ പുരയിടത്തിൽ കാൽ ചവിട്ടാനിടയില്ലാതെ വിവിധ തരം കാർഷിക വിളകൾ നട്ടുപരിപാലിച്ചിട്ടുണ്ട്. കുരുമുളകും ഏലവും ജാതിയു മെല്ലാമുണ്ടെങ്കിലും പ്രധാന കൃഷി കുരുമുളകാണ്. കൊടും വനമായിയിരുന്ന കാലത്താണ് ഹൈറേഞ്ചിലെത്തിയത്. മരത്തിന് മുകളിൽ ഏറുമാടം കെട്ടി അന്തിയുറങ്ങിയിരുന്ന ദിനങ്ങൾ ഇന്നലെ എന്നപോലെ മുണ്ടനാട് ചേട്ടൻ്റെ ഓർമ്മകളിലുണ്ട്. കാട്ടു മൃഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും പൊരുതി മണ്ണിൽ പൊന്നു വിളയിച്ച മുണ്ടനാട്ടു ചേട്ടന് 87-ാം വയസ്സിലും യാതൊരു ആരോഗ്യ പ്രശ്‌നങ്ങളുമില്ല. ഭാര്യ മേരിയാണ് എല്ലാത്തിനും പിന്തുണ നൽകിയത് ഒരു പെൺകുട്ടിയും മൂന്ന് ആൺകുട്ടികളും ഉൾപ്പെടെ നാലു മക്കളാണ് ഇവർക്കുള്ളത്. മകളെ വിവാഹം ചെയ്തയച്ചു.ആൺമക്കൾ മൂന്നുപേരും സമീപത്തു തന്നെ താമസിക്കുന്നുണ്ട് മൂന്നുപേരും പിതാവിൻറെ പാതയിൽ തന്നെ കർഷകരായി തുടരുകയാണ്.
കാട്ടു മൃഗങ്ങളുടെ ശല്യമാണ് കൃഷിക്ക് ഏറ്റവും പ്രതിസന്ധിയായി പറയുന്നത്.സംസ്ഥാനത്ത് ആദ്യമായി കാട്ടുപന്നിയെ വെടി വച്ചു കൊല്ലാനുള്ള പ്രത്യേക ഉത്തരവ് നേടിയ ഏക കർഷകൻ മരിയാപുരത്തേ മുണ്ടനാട്ട് ചേട്ടൻ എന്ന ഈ കർഷകനാണ്. വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നിയെ മണ്ണെണ്ണ ഒഴിച്ച് മറവു ചെയ്യണം എന്നാണ് നിയമം. എന്നാൽ അവയെ ഭക്ഷിക്കാനായി കർഷകർക്ക് തന്നെ നൽകണമെന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം ഇക്കാര്യം അനുവദിച്ചു കിട്ടുന്നതിനായി കോടതിയിൽ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. ദിവസവും ആറിലധികം പത്രങ്ങൾ വായിക്കുന്ന മുണ്ടനാട്ടു ചേട്ടൻ അനീതിക്കെതിരെ മുഖം നോക്കാതെ ശബ്ദമുയർത്തും. അനുമതിയില്ലാതെ കൃഷിയിടത്തിനു മുകളിലൂടെ വൈദ്യുതി ലൈൻ വലിച്ച വൈദ്യുതിബോർഡിനെതിരെ ഹർജി നൽകി നഷ്ടപരിഹാരം വാങ്ങിയെടുത്തതും മുണ്ടനാട്ട് ചേട്ടൻറെ പോരാട്ട വഴികളിൽ ഒന്നാണ്. കാർഷിക ജോലികൾക്ക് പുറമേ മരം കയറ്റവും നല്ല പരിചയമാണ്. കാർഷിക മേഖല നഷ്ടത്തിലെന്നു പറയുമ്പോഴും കൃഷി മനസ്സിനും ശരീരത്തിനും ഉന്മേഷം പകരുന്ന മാർഗമാണെന്നും കാർഷികവൃത്തി ഉപേക്ഷിച്ച് മറ്റൊരു ജീവിതം തനിക്കില്ലെന്നുമാണ് ഈ മാതൃകാ കർഷകൻ പറയുന്നത്. കർഷകദിനത്തിൽ ഇന്ന് മരിയാപുരം ഗ്രാമ പഞ്ചായത്ത് അദ്ദേഹത്തെ മാതൃക കർഷകനായി ആദരിക്കും.






