Timely news thodupuzha

ഇലന്തൂർ നരബലി കേസ് പ്രതിയുടെ കൈവശം ഹെറോയിൻ; പിടികൂടിയത് വിചാരണയ്ക്കെത്തിച്ചപ്പോൾ

കൊച്ചി: ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ മുണ്ടിൻറെ മടിക്കുത്തിൽ ഒളിപ്പിച്ച നിലയിൽ ഹെറോയിൻ പിടികൂടി. നരബലി കേസിലെ വിചാരണ നടക്കുന്ന അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ നിന്ന് തിരിച്ച് ജയിലിലേക്ക് കൊണ്ടുപോവുമ്പോൾ സംശയം തോന്നിയ പൊലീസുകൾ പരിശോധിച്ചപ്പോഴാണ് 2 ചെറിയ പ്ലാസ്റ്റിക് ബോട്ടിലിലായി ലഹരി കണ്ടെത്തിയത്. 6 ഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഉടൻ തന്നെ വിചാരണ കോടതിയെ വിവരം അറിയിച്ചു. ജഡ്ജിയുടെ നിർദേശപ്രകാരം എറണാകുളം ടൗൺ സൗത്ത് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ സൗത്ത് പൊലീസ് പരിശോധന പൂർത്തിയാക്കി ഷാഫിയുടെ അറസ്റ്റു രേഖപ്പെടുത്തി. തുടർന്ന് ഷാഫിയെ ജയിലിലേക്ക് തന്നെ മാറ്റി. ശുചിമുറിയിൽ പോയ സമയത്ത് രണ്ടു പേർ ഷാഫിക്ക് ഹെറോയിൻ കൈമാറി എന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് പരിശോധന നടത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *