Timely news thodupuzha

അയോധ്യ രാമക്ഷേത്ര കൊള്ളയിൽ മാധ്യമപ്രവർത്തകനെതിരായ എഫ്.ഐ.ആർ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര കൊള്ള സംബന്ധിച്ച ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകനെതിരേ ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ചൊവ്വാഴ്ച ഹർജി പരിഗണിക്കുക. അഭിഷേക് ഉപാധ്യായ എന്ന മാധ്യമപ്രവർത്തകനെതിരെയാണ് ഗാസിയാബാദ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തനിക്കെതിരായ എഫ്ഐആർ കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തതാണെന്നും സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ തടയാനും ഉപദ്രവിക്കാനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും അഭിഷേക് ഹർജിയിൽ ആരോപിച്ചു. എഫ്ഐആറിന്‍റെ പകർപ്പ് തനിക്ക് നൽകിയിട്ടില്ലെന്നും സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്യാൻ സമീപത്തെ കടയുടമകളിൽ പൊലീസ് സമ്മർദം ചെലുത്തുകയാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. എഫ്ഐആർ റദ്ദാക്കണമെന്നാണ് ഉപാധ്യായയുടെ പ്രധാന ആവശ്യം. അല്ലെങ്കിൽ അന്വേഷണം ഉത്തർപ്രദേശ് പൊലീസിന് പകരം സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാമജന്മഭൂമി സംഭാവന തട്ടിപ്പ് സംബന്ധിച്ച റിപ്പോർട്ടുകളെ തുടർന്ന് തനിക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ള നിലവിലെ എഫ്ഐആറും മറ്റ് എഫ്ഐആറുകളും ഡൽഹി പൊലീസിനെയോ സിബിഐയെയോ ഏൽപ്പിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്‍റെ യൂട്യൂബ് ചാനൽ വഴിയാണ് അഭിഷേക് രാമക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

Leave a Comment

Your email address will not be published. Required fields are marked *