തൊടുപുഴ: ചിരട്ടയിലും ഈർക്കിലിലും വിസ്മയങ്ങൾ തീർത്ത് കുരുന്നു കൈകൾ. ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ സെൻ സെബാസ്റ്റ്യൻ യുപി സ്കൂളിൽ സംഘടിപ്പിച്ച ക്രാഫ്റ്റ് മത്സരവും കരകൗശല വസ്തുക്കളുടെ പ്രദർശനവുമാണ് നാളികേരത്തിന്റെ നാനാവിധ സാധ്യതകളെയും കുരുന്നുകളുടെ സർഗ്ഗവൈഭവത്തെയും വരച്ചുകാട്ടിയത്.തെങ്ങിന്റെ വിവിധ ഭാഗങ്ങളായ ചിരട്ട, ഓല, ഈർക്കിൽ, കൊതുമ്പ് എന്നിവ മാത്രം ഉപയോഗിച്ച് നിർമ്മിച്ച മനോഹരമായ വീട്ടുപകരണങ്ങൾ, അലങ്കാര വസ്തുക്കൾ, വൈവിധ്യമാർന്ന കളിപ്പാട്ടങ്ങൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തി.പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ് നിർവ്വഹിച്ചു. നമ്മുടെ സംസ്കാരത്തോടും പ്രകൃതിയോടും ചേർന്നുനിൽക്കുന്ന നാളികേര ഉൽപ്പന്നങ്ങളെയും അവയുടെ പുനരുപയോഗ സാധ്യതകളെയും പറ്റി പുതിയ തലമുറയിൽ അവബോധം വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.അധ്യാപകരായ ആൽബിൻ ജോസഫ്, സിനു സണ്ണി, അഞ്ജു ജോസഫ്, രമ്യ മുരളി എന്നിവർ മത്സരങ്ങൾക്കും പ്രദർശന സജ്ജീകരണങ്ങൾക്കും നേതൃത്വം നൽകി.
സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ ‘നാളികേര മഹോത്സവവും’ ക്രാഫ്റ്റ് പ്രദർശനവും






