Timely news thodupuzha

കെ സി ജോർജിന്റെ ചരമവാർഷിക ദിനാചരണവും കെ സി നാടക പ്രതിഭ പുരസ്കാര സമർപ്പണവും 23ന്; ഇത്തവണ കെ.സി പുരസ്കാരം ജോസഫ് ചിലമ്പന്

കട്ടപ്പന: ഇടുക്കിയുടെ നാടക പ്രതിഭ കെ സി ജോർജിന്റെ രണ്ടാമത് ചരമവാർഷിക ദിനാചരണവും കെ സി നാടക പ്രതിഭ പുരസ്കാര സമർപ്പണവും സെപ്റ്റംബർ 23ന് കട്ടപ്പന സി എസ് ഐ ഗാർഡനിൽ നടക്കും.

രണ്ടുതവണ സംസ്ഥാന സർക്കാരിൻ്റെ മികച്ച നാടക രചനയ്ക്കുള്ള പുരസ്കാരം നേടിയ കെ.സി. ജോർജ് 2024 സെപ്റ്റംബർ 23 നാണ് വിടപറഞ്ഞത്. നാടക – സീരിയൽ രംഗത്ത് സജീവമായി നിൽക്കുമ്പോഴായിരുന്നു കെ.സിയുടെ ആകസ്മിക വേർപാട്. കെ.സി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണ ചടങ്ങും സംഘടിപ്പിക്കുന്നത്. ഇടുക്കിയിലെ മുതിർന്ന നാടക – സിനിമ നടൻ ജോസഫ് ചിലമ്പനാണ് ഇത്തവണ കെ.സി പുരസ്കാരം നൽകുന്നത്. 10,001 രൂപയും ഉപഹാരവും അടങ്ങിയതാണ് അവാർഡ്. കട്ടപ്പന സി.എസ്.ഐ ഗാർഡനിൽ സെപ്റ്റംബർ 23ന് നടക്കുന്ന ചടങ്ങ് കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. പ്രശസ്ത നാടക- സിനിമ നടൻ രാജേഷ് ശർമ പുരസ്കാരം സമർപ്പിക്കും. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ഹേമന്തകുമാർ കെ. സി. അനുസ്മരണ പ്രഭാഷണം നടത്തും. കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാർ ജേതാവ് മോബിൻ മോഹൻ്റെ പുതിയ കഥാ സമാഹാരമായ ‘അമർഷ നഗരം’ ചടങ്ങിൽ കാഞ്ചിയാർ രാജൻ പ്രകാശനം ചെയ്യും. കെ സി ജോർജിൻ്റെ ഭാര്യ ബിനാ ജോർജ് ഏറ്റുവാങ്ങും. തുടർന്ന്, സംസ്ഥാന സർക്കാരിൻ്റെ ആറ് അവാർഡുകൾ കരസ്ഥമാക്കിയ വള്ളുവനാട് ബ്രഹ്മയുടെ ‘പകലിൽ മറഞ്ഞിരുന്നൊരാൾ’ എന്ന നാടകവും അവതരിപ്പിക്കും.

ചടങ്ങിൽ ഡ്രാമാനന്ദം രക്ഷാധികാരിയും നാടക – സീരിയൽ നടനുമായ പയ്യന്നൂർ മുരളി, നാടക പ്രവർത്തകൻ ഗോപൻ മാവേലിക്കര, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഇ. ജെ. ജോസഫ്, ജനറൽ കൺവീനർ എം. സി. ബോബൻ, ഭാരവാഹികളായ കെ ജയകുമാർ, ജയ്ബി ജോസഫ്, റോയി വർഗീസ് എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *