തൃശൂർ: ലഹരി വിൽപ്പനയ്‌ക്കായി ആരു വന്നാലും ‘തൂഫാൻ കണ്ണുകളിൽ’ പെടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൃശൂർ സിറ്റി പൊലീസിന്റെയും റൂറൽ പൊലീസിന്റെയും ആഭിമുഖ്യത്തിൽ നടന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായുള്ള ‘തൂഫാൻ ജാഗരൺ’ സന്ദേശയാത്രയും സമ്മേളനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഓപ്പറേഷൻ തൂഫാൻ’ ഒരു പൊലീസ് ദൗത്യം എന്നതിലുപരി കേരള സമൂഹം ഒന്നാകെ ഏറ്റെടുത്ത വൻ ജനകീയ മുന്നേറ്റമായി മാറിയിരിക്കുകയാണ്. സ്കൂളുകൾക്ക് ചുറ്റുമുള്ള ജാഗ്രത ശക്തമാക്കുന്നതിന്റെ തൂഫാൻ ഐ’ (Toofan Eye) എന്ന സി.സി.ടി.വി അധിഷ്‌ഠിത നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. അന്തർ ദേശീയ മയക്കുമരുന്ന് ലോബിയുടെ കണ്ണികൾ സ്‌കൂൾ, കോളേജ് പരിസരങ്ങളിൽ കറങ്ങി നടക്കുകയാണ്. അവരെ നിരീക്ഷിക്കാനും ഇല്ലാതാക്കാനുമാണ് തൂഫാൻ ഐ നടപ്പിലാക്കുന്നത്. മിഠായിയുടെ രൂപത്തിൽ കുട്ടികൾക്ക് ലഹരി നൽകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ലഹരിമാഫിയയെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഈ നല്ല ലക്ഷ്യത്തിനു വേണ്ടി സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ളവരുടെ പൂർണ്ണമായ സഹകരണം ഉണ്ടാകണം. തൂഫാൻ ആരംഭിച്ച് 114 ദിവസങ്ങൾ പിന്നിടുമ്പോൾ സ്കൂളുകൾ, ആശുപത്രികൾ, സ്ഥാപനങ്ങൾ എന്നിവടങ്ങളിലെല്ലാം തൂഫാന്റെ സന്ദേശം എത്തിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ലഹരി വ്യാപനം 20 മുതൽ 30 ശതമാനം വരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ലഹരിവിരുദ്ധ പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിന്റെയും, ലഹരി കൈകളിൽ എത്തും മുൻപ് തടയുന്നതിന്റെയും ഭാഗമായി പദ്ധതിയുടെ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശം’ സെപ്റ്റംബർ 28-ന് മലപ്പുറം വേങ്ങരയിൽ ഔദ്യോഗികമായി തുടക്കമാവുകയാണ്. ലഹരി കൈകളിലെത്തും മുൻപ് തടയുകയാണ് ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. സ്വരാജ് റൗണ്ടിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാകുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട 3,500 എൻ.എസ്.എസ് വോളണ്ടിയർമാരെ ‘തൂഫാൻ വാറിയേഴ്‌സ്’ ആയി പ്രഖ്യാപിച്ച മന്ത്രി, പ്രതിനിധികളായ വോളണ്ടിയർമാർക്ക് ബാഡ്ജുകൾ വിതരണം ചെയ്തു. കൂടാതെ ‘ഇസാഫ് ബാലജ്യോതി കാവൽ – തൂഫാൻ 2026’ ഇംപാക്ട് റിപ്പോർട്ടിന്റെ പ്രകാശനവും ചടങ്ങിൽ നിർവ്വഹിക്കപ്പെട്ടു. കായിക, യുവജന മന്ത്രി ഒ.ജെ. ജനീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൂഫാൻ കേരളത്തിൽ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്ന കാഴ്‌ചയാണ് കേരളം കണ്ടതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഈ സർക്കാർ വന്നശേഷം പ്രഖ്യാപിച്ച ഏറ്റവും ജനകീയമായ ഹിറ്റായ പദ്ധതിയാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടപ്പിലാക്കിയ ഓപ്പറേഷൻ തൂഫാനെന്നും അദ്ദേഹം വ്യക്‌തമാക്കി. തൃശൂർ എം.എൽ.എ രാജൻ ജെ. പല്ലൻ, മേയർ ഡോ. നിജി ജസ്റ്റിൻ, തൃശൂർ റേഞ്ച് ഡി.ഐ.ജി ടി. നാരായണൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, എൻ.എസ്.എസ്. റീജിയണൽ ഡയറക്ടർ വി.എം. ഉപ്പിൻ, എൻ.എസ്.എസ്. സ്റ്റേറ്റ് ഓഫീസർ ഡോ. വി. മനു, ഇസാഫ് കോ-ഫൗണ്ടർ മെറീന പോൾ, കിഡ്നി ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രതിനിധി ഫാ. ഡേവിഡ് ചിറമ്മേൽ തുടങ്ങിയവർ പങ്കെടുത്തു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ് സ്വാഗതവും റൂറൽ ജില്ല പൊലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ നന്ദിയും രേഖപ്പെടുത്തി.
വിൽപ്പനക്കാർ തൂഫാൻ കണ്ണുകളിൽപ്പെടും: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, 3,500 എൻ.എസ്.എസ് വോളണ്ടിയർമാർ ഇനി ‘തൂഫാൻ വാറിയേഴ്‌സ്’






