തൊടുപുഴ: നഗരത്തിൽ പെരുകുന്ന അനധികൃത വഴിയോരക്കച്ചവടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുന്നു. നവംബർ 5 വ്യാഴാഴ്ച രാവിലെ 11 മണിക്ക് തൊടുപുഴ മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിലേക്കാണ് മാർച്ച്. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൾ ഹമീദ് മാർച്ച് ഉദ്ഘാടനം ചെയ്യും. സർക്കാർ ലൈസൻസും വലിയ തുക അഡ്വാൻസും വാടകയും നൽകി കെട്ടിടങ്ങളിൽ വ്യാപാരം നടത്തുന്ന ചെറുകിട വ്യാപാരികളെ പ്രതിസന്ധിയിലാക്കിയാണ് നിയന്ത്രണങ്ങളില്ലാതെ വഴിയോരക്കച്ചവടം നടക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കവറുകളിൽ ഗുണമേന്മയില്ലാത്ത സാധനങ്ങൾ അമിതവിലയ്ക്ക് വിൽക്കുന്നതും, അളവ്-തൂക്കത്തിൽ ക്രമക്കേട്, പാക്കേജ് കമ്മോഡിറ്റി നിയമങ്ങളുടെ ലംഘനം, ട്രാഫിക് തടസ്സം, കാൽനടയാത്രക്കാർക്കുള്ള ബുദ്ധിമുട്ട് എന്നിവയ്ക്കെതിരെ അധികൃതർ കണ്ണടയ്ക്കുകയാണെന്നും സമിതി ആരോപിച്ചു. മോട്ടോർ വാഹന നിയമം ലംഘിച്ച് വാഹനങ്ങളിൽ കച്ചവടം നടത്തുന്നതിനെതിരെയും ചില രാഷ്ട്രീയ സംഘടനകൾ ഇത്തരം കച്ചവടക്കാരുടെ യൂണിയൻ ഉണ്ടാക്കി നിയമത്തെ വെല്ലുവിളിക്കുന്നതിനെതിരെയും കർശന നടപടി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. തൊടുപുഴ-കരിമണ്ണൂർ മേഖലകളിലെ മുഴുവൻ വ്യാപാരികളും മാർച്ചിൽ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി പെമ്പിള്ളിൽ, ജില്ലാ ജനറൽ സെക്രട്ടറി ഹാജി നജീബ് ഇല്ലത്ത് പറമ്പിൽ, ജില്ലാ ട്രഷറർ ആർ. രമേഷ് എന്നിവർ അഭ്യർത്ഥിച്ചു. പൊതുജന താൽപര്യം മുൻനിർത്തിയുള്ള സമരത്തിന് ധാർമിക പിന്തുണ നൽകണമെന്നും ഭാരവാഹികൾ പറഞ്ഞു
അനധികൃത വഴിയോരക്കച്ചവടത്തിനെതിരെ തൊടുപുഴയിൽ വ്യാപാരികളുടെ പ്രതിഷേധ മാർച്ച് നവംബർ 5ന്





