Timely news thodupuzha

തൊടുപുഴ നഗരസഭയിലെ ഏഴാം വാർഡിൽ അതിഥി തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് വ്യാപനവും സാമൂഹിക വിരുദ്ധ ശല്യവും രൂക്ഷമാകുന്നതായി പരാതി.

തൊടുപുഴ: തൊടുപുഴ നഗരസഭയിലെ ഏഴാം വാർഡിൽ വ്യാപാര ഭവന് സമീപം താമസിക്കുന്ന അതിഥി തൊഴിലാളികൾക്കിടയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗവും വിൽപ്പനയും വർധിക്കുന്നതായി പരാതി. കഴിഞ്ഞ ബുധനാഴ്ച രാത്രി കഞ്ചാവ് പൊതികൾ വിൽപ്പന നടത്തുന്നതിനിടെ രണ്ട് അതിഥി തൊഴിലാളികളെ നാട്ടുകാർ തടഞ്ഞുവെച്ചെങ്കിലും ഇവർ കുതറിയോടുകയായിരുന്നു. തുടർന്ന് തൊടുപുഴ പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി വ്യാപക പരിശോധന നടത്തുകയും ചെയ്തെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.

ലഹരി വിൽപ്പനയ്ക്ക് പുറമെ മേഖലയിൽ നാട്ടുകാർക്ക് നേരെ അതിഥി തൊഴിലാളികളുടെ ഭാഗത്തുനിന്ന് അതിക്രമങ്ങളും വർധിച്ചുവരികയാണ്. വഴിനടന്നുപോയ വിദ്യാർത്ഥിനികളെ ആംഗ്യഭാഷയിൽ ആക്ഷേപിക്കുകയും, സമീപത്തെ വീടുകളിൽ രാത്രിയിൽ വാതിലിൽ മുട്ടി പണം ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായതായി പ്രദേശവാസികൾ പറയുന്നു.

മൃഗങ്ങളെപ്പോലെ കുത്തിനിറച്ച് താമസം: അതിഥി തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്ന കെട്ടിടങ്ങളിൽ ലഹരി വിപണനത്തിന് പുറമെ രൂക്ഷമായ ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങളും നിലനിൽക്കുകയാണ്. മൃഗങ്ങളെ ലോറികളിൽ കുത്തിനിറയ്ക്കുന്നതുപോലെയാണ് പരിമിതമായ സൗകര്യങ്ങളിൽ നിരവധിയാളുകളെ പാർപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കെട്ടിട ഉടമയോട് പലതവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

തൊഴിലാളികളുടെ കൃത്യമായ ഐഡന്റിറ്റി രേഖകളോ ഇവർ ജോലി ചെയ്യുന്ന കോൺട്രാക്ടർമാരുടെ വിവരങ്ങളോ ലഭ്യമാക്കാതെയാണ് താമസിപ്പിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി ആളുകളെ കുത്തിനിറച്ച് താമസിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങൾ അടിയന്തരമായി ഒഴിപ്പിക്കണമെന്നും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തൊടുപുഴ മുനിസിപ്പാലിറ്റിക്കും ഡിവൈ.എസ്.പി.ക്കും സമീപവാസികൾ പരാതി നൽകി.

Leave a Comment

Your email address will not be published. Required fields are marked *