കൊച്ചി: ഇന്നലെ അന്തരിച്ച നടനും മുൻ എം.പിയുമായ ഇന്നസെന്‍റിന് വിട ചൊല്ലി നാട്. കൊച്ചി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വച്ചിരിക്കുകയാണു ഇന്നസെന്‍റിന്‍റെ ഭൗതികദേഹം. പതിനൊന്നു മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്കു കൊണ്ടു പോകും. ഉച്ചയ്ക്ക് ഒന്നു മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനമുണ്ടാകും. തുടർന്ന് സ്വവസതിയിലേക്കു കൊണ്ടുപോകും.
കൊച്ചിയിൽ നിന്നും ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രയിൽ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ സൗകര്യമുണ്ടാവും. ചൊവ്വാഴ്ച രാവിലെ 10-ന് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിലാണു സംസ്കാരച്ചടങ്ങുകൾ.
‘എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ് … ആ പേരുപോലെ തന്നെ നിഷ്‌കളങ്കമായി ലോകത്തിന് മുഴുവന്‍ നിറഞ്ഞ ചിരിയും സ്‌നേഹവും സാന്ത്വനവും പകര്‍ന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേര്‍ത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്.|
ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാന്‍ ഇനിയും നിങ്ങള്‍ ഇവിടെത്തന്നെ കാണും…’, എന്നായിരുന്നു നടൻ മോഹൻലാൽ ഫേസ്ബുക്കിലൂടെ കുറിച്ചത്.
മറ്റ് നടീ നടൻമാരും സോഷ്യൽ മീഡിയയിലൂടെ ചിരിയുടെ മഹാനടന് ആദരാജ്ഞലികൾ അർപ്പിച്ചു.






