Timely news thodupuzha

തൊടുപുഴയിൽ ഭാര്യയെ കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി

തൊടുപുഴ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ടപ്ലാവ് തിമ്മിലില്‍ ഇസ്മായില്‍(64), ഭാര്യ ഹലീമ(56) എന്നിവരാണ് മരിച്ചത്. ഭാര്യ നിലത്ത് മരിച്ച നിലയിലും ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിലുമായിരുന്നു. ജല അതോറിട്ടിയില്‍ ജോലിയുള്ള മകന്‍ മാഹിന്‍ രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ പത്തരയോടെ വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും അനക്കം കേള്‍ക്കാത്തതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോള്‍ ഹലീമയുടെ മൃതദേഹം മുറിക്കുള്ളില്‍ നിലത്ത് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വാതില്‍ തള്ളി തുറന്ന് അകത്ത് കയറിയപ്പോള്‍ ഇസ്മായിലിനെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

. ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് ഇസ്മായില്‍ ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തയ ശേഷം തൂങ്ങി മരിച്ചതാണെന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു. നേരത്തെയും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഹലീമയുടെ തലയില്‍ പരിക്കേറ്റ് രക്തം വാര്‍ന്ന് പോയിരുന്നു. ഇതാണ് മരണകാരണമെന്നാണ് നിഗമനം. കരിമണ്ണൂര്‍ മുളപ്പുറം സ്വദേശികളായ കുടുംബം ഉണ്ടപ്ലാവില്‍ വീട് വാങ്ങി താമസം ആരംഭിച്ചതാണ്. കൊലപാതകം നടന്ന വീടിന് തൊട്ട് മുന്നിലായി നിരവധി വീടുകളുണ്ട്. രാത്രി വൈകിയാകും സംഭവം നടന്നതെന്നാണ് നിഗമനം. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം നടത്തി. മക്കള്‍: മാഹിന്‍, ജംല. 

Leave a Comment

Your email address will not be published. Required fields are marked *