Timely news thodupuzha

logo

ലിസിയുടെ 20 വർഷം: ‘ഹൃദ്യമായി’ ഡോ. ജോയുടെ കുറിപ്പ്..

കൊച്ചി: എറണാകുളത്തെ പ്രശസ്തമായ ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഇരുപതാം വാർഷികത്തിൽ പുറത്തുവന്ന ഡോ. ജോ ജോസഫിന്‍റെ കുറിപ്പ് വൈറലാകുന്നു. ആശുപത്രി വാർഷികവുമായി നേരിട്ട് ബന്ധമില്ലെങ്കിലും, ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും അവിടത്തെ ഡോക്റ്റർമാരുടെയും ജനകീയതയും നിസ്വാർഥ മനോഭാവവും വെളിവാക്കുന്നതാണ് കുറിപ്പ്.

ശനിയാഴ്ചയാണ് ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് 20 വര്‍ഷം പൂര്‍ത്തീകരിച്ചതിന്‍റെയും ഒരു ലക്ഷത്തിലധികം പ്രൊസീജിയറുകള്‍ നടത്തി രോഗികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതിന്‍റെയും ആഘോഷപരിപാടികള്‍ ബോള്‍ഗാട്ടി ഗ്രാന്‍റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ഇതിനിടെയാണ്, തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ അഹോരാത്രം പ്രവർത്തിച്ച കോണ്‍ഗ്രസ് നേതാവിന്‍റെ ജീവന്‍ രക്ഷിക്കാൻ നടത്തിയ പ്രയത്നങ്ങളെക്കുറിച്ച് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോ ജോസഫിന്‍റെ ഫെയ്‌സ്‌ബുക്ക് കുറിപ്പും വരുന്നത്.

വൈറ്റില മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായ ഫ്രാന്‍സിസ് മാഞ്ഞൂരാനാണ് ജോ ജോസഫിന്‍റെ കുറിപ്പിൽ പരാമർശിക്കുന്ന നേതാവ്. ഒരിക്കല്‍ ഫ്രാന്‍സിസ് തന്നെ തോല്‍പ്പിച്ചു ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ജയിച്ചുവെന്നാണ് ഡോ ജോസഫ് പറയുന്നത്. ഡോക്റ്ററുടെ സേവനത്തിന് മാഞ്ഞൂരാൻ നൽകിയ മറുപടിയും കുറിപ്പിൽ ചേർത്തിട്ടുണ്ട്.

ഡോ. ജോ ജോസഫിന്‍റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്‍റെ പ്രസക്ത ഭാഗങ്ങൾ:

മറ്റൊരു ‘Real Kerala Story’

രണ്ടാഴ്ചത്തോളം നീണ്ടുനിന്ന പോരാട്ടത്തിനുശേഷം ഇസ്തിരിയിട്ട ഖദറുമായി ഫ്രാന്‍സിസ് മാഞ്ഞൂരാന്‍ ഇന്ന് ആശുപത്രി വിട്ടു. വൈറ്റിലയിലെ പ്രശസ്തമായ മാഞ്ഞൂരാന്‍ കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. 12 അംഗങ്ങളുള്ള കുടുംബത്തിലെ മൂത്തയാള്‍ അല്ലെങ്കിലും കാര്‍ന്നവര്‍ സ്ഥാനം ഉള്ള ആള്‍. കറകളഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. അതി വിപുലമായ സൗഹൃദ വലയം. അതിനേക്കാള്‍ ഏറെ പൊതുജനങ്ങളുമായിട്ടുള്ള ബന്ധം. തൃക്കാക്കര മണ്ഡലത്തിലെ കോണ്‍ഗ്രസിന്‍റെ ശക്തി ദുർഗമായ വൈറ്റിലയിലെ കോണ്‍ഗ്രസിന്‍റെ ജനകീയ മുഖം. കോണ്‍ഗ്രസിനെ ജീവിതസഖിയായി സ്വീകരിച്ചതിനാല്‍ വിവാഹം കഴിച്ചിട്ടേയില്ല. ഔദ്യോഗിക പദവികള്‍ ഒന്നും അലങ്കരിച്ചിട്ടില്ലെങ്കിലും ജനകീയന്‍.

രണ്ടാഴ്ച മുമ്പൊരു രാത്രിയിലാണ് ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്‍റെ ഫോണ്‍ എനിക്ക് വരുന്നത്. ഫ്രാന്‍സിസിനെ ഹാര്‍ട്ടറ്റാക്കുമായി ആശുപത്രിയില്‍ കൊണ്ടുവരുന്നുണ്ട് എന്നാണ് വാര്‍ത്ത. നെഞ്ചുവേദന ഉച്ചക്ക് മൂന്നു മണിക്ക് തുടങ്ങിയതാണെങ്കിലും ഫ്രാന്‍സിസ് ആശുപത്രിയിലേക്ക് എത്തിയത് ഏകദേശം 6 മണിക്കൂറിനു ശേഷമാണ്. രാത്രിയില്‍ തന്നെ ഞാന്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. വേദന തുടങ്ങി വളരെയേറെ താമസിച്ചു പോയതിനാല്‍ ഹൃദയത്തിന്‍റെ രക്തധനമികള്‍ തുറന്നെങ്കിലും ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തീരെ മോശമായ അവസ്ഥയില്‍ ആയിരുന്നു.

പിന്നീട് ഒരു പോരാട്ടമായിരുന്നു. ജീവനും മരണത്തിനും ഇടയിലുള്ള ഒരു നേര്‍ത്ത നൂല്‍പ്പാലത്തിലൂടെയായിരുന്നു ഞാനും ഫ്രാന്‍സിസും സഞ്ചരിച്ചത്. ആരോഗ്യ നില മോശമായി വന്നപ്പോള്‍ ഫ്രാന്‍സിസ് തളരുന്നതായി എനിക്ക് തോന്നി. ഞാന്‍ പറഞ്ഞു ‘പ്രിയ സുഹൃത്തെ പോരാടുക. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ എന്നെ തോല്‍പ്പിക്കുവാനായി നിങ്ങള്‍ എത്ര വാശിയോടുകൂടി പൊരുതിയോ അത്രയും വാശിയോടു കൂടി രോഗത്തെ തോല്‍പ്പിക്കാനായി പൊരുതുക’

എന്‍റെ വാക്കുകള്‍ ഫ്രാന്‍സിസ് ശിരസ്സാവഹിച്ചു. പോരാടി .ഓരോ ദിവസവും പുരോഗതി ഉണ്ടായി.

15 ദിവസത്തെ ജീവന്മരണപോരാട്ടത്തിനുശേഷം ഫ്രാന്‍സിസിനെ ഞാന്‍ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ അദ്ദേഹം എന്നെ പറ്റി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ എനിക്ക് അയച്ചുതന്നു. എന്‍റെ പ്രൊഫഷണല്‍ ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയായി ഞാന്‍ ഇതിനെ കാണുന്നു.

‘ഡോക്ടര്‍ ജോ ജോസഫിനെ കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുവാന്‍ വൈറ്റിലയിലെ സകല വീടുകളിലും കയറിയിറങ്ങി ശക്തമായ പ്രചരണം നടത്തി, എന്നാല്‍ അതീവ ഗുരുതരമായ രോഗാവസ്ഥയില്‍ എന്‍റെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി ഡോക്ടര്‍ ജോ ജോസഫ് തന്‍റെ സകല കഴിവും അറിവും പരിചയസമ്പന്നതയും ഉപയോഗിക്കുകയും അതിലുപരി സ്നേഹവും ധൈര്യവും തന്ന് എന്നെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു, ഇനി എന്‍റെ ശിഷ്ടജീവിതം ഡോക്ടര്‍ ജോ ജോസഫിനോട് എന്നും കടപ്പെട്ടവനായിരിക്കും

എന്ന്

ഫ്രാന്‍സിസ് മാഞ്ഞുരാന്‍ വൈറ്റില’

എന്‍റെ കടുത്ത രാഷ്ട്രീയ എതിരാളിയായിരുന്നു ഫ്രാന്‍സിസ്. എന്‍റെ പ്രത്യയശാസ്ത്രവും ഫ്രാന്‍സിസിന്‍റെ പ്രത്യയശാസ്ത്രവും രണ്ടു വിരുദ്ധ ധ്രുവങ്ങളിലായിരുന്നു. ഒരു വര്‍ഷം മുമ്പ് ഞങ്ങള്‍ പരസ്പരം തോല്‍പ്പിക്കുവാന്‍ പോരാടി. ഇപ്രാവശ്യം ഒരുമിച്ച് ജയിക്കാന്‍ പോരാടി. ഉപതെരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് എന്നെ തോല്‍പ്പിച്ചു. ഇപ്രാവശ്യം ഞങ്ങള്‍ ഒരുമിച്ച് ജയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *