തൊടുപുഴ: ബാങ്ക് ജപ്തി ചെയ്ത വീട്ടില്‍ നിന്നും ഓട്ടുരുളി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച സഹോദരങ്ങളുള്‍പ്പടെയുള്ള നാലംഗ സംഘത്തെ തൊടുപുഴ പോലീസ് പിടികൂടി. മുട്ടം കരിക്കനാംപാറ വാണിയപ്പുരയ്ക്കല്‍ മണികണ്ഠന്‍ (27), സഹോദരന്‍ കണ്ണന്‍ (37) മണ്ണാര്‍ക്കാട് നെച്ചുകുഴി കുഴിമ്പാടത്ത് ഷമീര്‍ അഹമ്മദ് (31), കുമാരമംഗലം വെണ്ടയ്ക്കല്‍ പരുന്തുംകുന്നേല്‍ അനൂപ് (38) എന്നിവരാണ് പിടിയിലായത്. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. തൊടുപുഴ സിസിലിയ ബാറിനു സമീപം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ജപ്തി ചെയ്ത വീട്ടില്‍ നിന്നാണ് ഇവര്‍ സാധനങ്ങള്‍ മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ചത്. സാധനങ്ങള്‍ കൊണ്ടു പോകാന്‍ വിളിച്ച ഓട്ടോ ഡ്രൈവറുടെ ഇടപെടലിലാണ് പ്രതികള്‍ പിടിയിലായത്. മോഷ്ടിച്ച ഓട്ടുരുളി വില്‍പ്പന നടത്താന്‍ കൊണ്ടു പോകാനായി പ്രതികള്‍ നഗരത്തില്‍ നിന്നും ഓട്ടോ വിളിച്ചു. വലിയ ഓട്ടുരുളി വാഹനത്തില്‍ കയറ്റി നഗരത്തിലേക്ക് പുറപ്പെട്ടു. ഇതിനിടെ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ വാഹനം പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചു കയറ്റി പോലീസിനോട് വിവരം പറഞ്ഞു. തുടര്‍ന്ന് പോലീസ് പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ഇത് തങ്ങളുടേതാണെന്നാണ് പ്രതികള്‍ ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ചതാണെന്ന് സമ്മതിച്ചത്. വീട്ടിനുള്ളിലെ കൂടുതല്‍ സാധനങ്ങള്‍ വീണ്ടും മോഷണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും ചോദ്യം ചെയ്യലില്‍ വ്യക്തമായി. മദ്യപിക്കാന്‍ പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. മണികണ്ഠന്‍, ഷമീര്‍, കണ്ണന്‍ എന്നിവര്‍ക്കെതിരെ തൊടുപുഴ, മുട്ടം സ്റ്റേഷനുകളില്‍ കേസുകള്‍ ഉള്ളതായും പോലീസ് അറിയിച്ചു. എസ്‌ഐ സിദ്ദിഖ് അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.