Timely news thodupuzha

logo

മൺസൂൺ വൈകാൻ കാരണം മാവർ കൊടുങ്കാറ്റ്

കൊച്ചി: കേരളത്തിൽ മൺസൂൺ വൈകാൻ കാരണം പസഫിക് മേഖലയിൽ രൂപപ്പെട്ട മാവർ കൊടുങ്കാറ്റ് ആയിരിക്കാമെന്ന് വിദഗ്ധർ. ഇതു ദുർബലമായി വരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ചയോടെ മൺസൂൺ കേരളത്തിലെത്തുമെന്നാണ് നിഗമനം.

ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് മാഡ്ഡൻ-ജൂലിയൻ ഓസിലേഷൻ എന്നറിയപ്പെടുന്ന പ്രതിഭാസം എത്തുന്നതു തടഞ്ഞുനിർത്തിയിരിക്കുന്നത് മാവർ കൊടുങ്കാറ്റിന്‍റെ സാന്നിധ്യമാണ്. മേഘങ്ങളും മഴയും കാറ്റും മർദവുമെല്ലാമടങ്ങുന്ന ഈ ഓസിലേഷൻ ഉഷ്ണമേഖലയാകെ സഞ്ചരിക്കുന്നതാണ്. 30 മുതൽ 60 ദിവസംകൊണ്ട് ഉദ്ഭവിച്ച സ്ഥാനത്തു തന്നെ തിരിച്ചെത്തുകയും ചെയ്യും. ഇതിന്‍റെ സഞ്ചാരപഥത്തിലും ശക്തിയിലും വരുന്ന മാറ്റങ്ങളെല്ലാം കേരളത്തിലെ മൺസൂൺ ആഗമനത്തെ സ്വാധീനിക്കുന്നതുമാണ്.

സാധാരണഗതിയിൽ ജൂൺ ഒന്നിനെത്തുന്ന കാലവർഷം ഇത്തവണ ജൂൺ ആറ് വരെ വൈകാമെന്നാണ് ഏറ്റവും പുതിയ കണക്കുകൂട്ടൽ. മഴമേഘങ്ങൾ ഏതായാലും കടലിനു മുകളിൽ എത്തിക്കഴിഞ്ഞു. എന്നാൽ, കാലാവസ്ഥാ വകുപ്പിന് മൺസൂൺ എത്തിയെന്ന ഔദ്യോഗിക പ്രഖ്യാപനം നടത്താൻ പല ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്.

തെക്കുകിഴക്കൻ അറബിക്കടലിൽ തിങ്കളാഴ്ച രൂപപ്പെടുന്ന ചക്രവാതച്ചുഴി മേഖലയിൽ 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം രൂപപ്പെടുത്തുമെന്നാണ് കരുതുന്നത്.

ഒറ്റപ്പെട്ട മഴ പെയ്യുന്ന പ്രവണത സംസ്ഥാനത്ത്, പ്രത്യേകിച്ച് തെക്കൻ പ്രദേശങ്ങളിൽ, രണ്ടു ദിവസം കൂടി തുടരും

ഡോ. എസ്. അഭിലാഷ്, ഡയറക്റ്റർ, അഡ്വാൻസ് സെന്‍റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസെർച്ച്, കുസാറ്റ്

ഒറ്റപ്പെട്ട മഴ പെയ്യുന്ന പ്രവണത സംസ്ഥാനത്ത്, പ്രത്യേകിച്ച് തെക്കൻ പ്രദേശങ്ങളിൽ, രണ്ടു ദിവസം കൂടി തുടരുമെന്നാണ് കുസാറ്റിലെ അഡ്വാൻസ് സെന്‍റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസെർച്ചിന്‍റെ ഡയറക്റ്റർ ഡോ. എസ്. അഭിലാഷ് നിരീക്ഷിക്കുന്നത്. ഇതോടെ മൺസൂണിന്‍റെ ആഗമനത്തിന് കേരളം പാകപ്പെടും. അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദത്തെ ആശ്രയിച്ചായിരിക്കും ഇതിന്‍റെ പുരോഗതിയെന്നും അഭിലാഷ് പറയുന്നു.

ശനിയാഴ്ച മുതൽ മൺസൂണിന്‍റെ ഭാഗമായി മഴ കിട്ടിത്തുടങ്ങിയെങ്കിലും ഏറെയും കടലിലാണ് പെയ്തത്. പസഫിക് മുതൽ ധ്രുവങ്ങൾ വരെ വ്യാപിച്ചു കിടക്കുന്ന കാലാവസ്ഥാ സംവിധാനമാണ് മൺസൂണിന്‍റെ സ്വഭാവം നിശ്ചയിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *