
പാലക്കാട്: മുൻ എസ്.എഫ്.ഐ പ്രവർത്തക വിദ്യ വ്യാജ രേഖയുമായി അട്ടപ്പാടി ഗവൺമെൻറ് കോളെജിലെത്തിയ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. വെള്ള സ്വിഫ്റ്റ് കാറിലാണ് വിദ്യ കോളെജിലെത്തിയതെന്നും മറ്റൊരാൾ കൂടി കാറിൽ ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി.
കറുത്ത ഫിലിം കാറിൻറെ ഗ്ലാസിൽ ഒട്ടിച്ചിരുന്നതിനാൽ ഒപ്പമുണ്ടായിരുന്ന ആളുടെ മുഖം തെളിഞ്ഞിട്ടില്ല. കൊളേജിൽ വിദ്യയെ ഇറക്കി വിട്ട ശേഷം കാർ പുറത്തേക്ക് പോയി. പിന്നീട് ഇൻറർവ്യൂ കഴിഞ്ഞ് വിദ്യ പുറത്തിറങ്ങിയ സമയത്ത് കാർ വീണ്ടും കോളെജിലെത്തി, വിദ്യയെ കയറ്റി മടങ്ങിയതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. പൊലീസ് വിവരം ശേഖരിക്കുന്നതിനായി ആദ്യം കോളെജിലെത്തിയപ്പോൾ സി.സി.ടി.വി ദൃശ്യങ്ങളില്ലെന്നായിരുന്നു അധികൃതർ അറിയിച്ചത്.
ആറ് ദിവസത്തെ ദൃശ്യങ്ങൾ മാത്രമേ ഉണ്ടാവൂ എന്നായിരുന്നു പറഞ്ഞത്. എന്നാൽ, കോളെജ് പ്രിൻസിപ്പൽ പൊലീസ് മടങ്ങിയ ശേഷം ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തി. തുടർന്ന് പൊലീസ് വീണ്ടും കോളെജിലെത്തി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു.






