ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്‌നാട്ടിൽ നിന്നൊരാൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന പരാമർശത്തെ സ്വാഗതംചെയ്യുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഷായ്ക്ക് എന്താണിത്ര ദേഷ്യമെന്നു മനസിലാകുന്നില്ലെന്നായിരുന്നു സ്റ്റാലിന്റെ പരിഹാസം.
അമിത് ഷാ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ബി.ജെ.പി പ്രവർത്തകരോട് തമിഴ്‌നാട്ടിൽ നിന്നൊരാളെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ എല്ലാവരും കഠിനാധ്വാനം ചെയ്യണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
ഇതിനെതിരെ സ്റ്റാലിന്റെ പ്രതികരണം ബി.ജെ.പി യഥാർഥത്തിൽ തമിഴ്‌നാട്ടിൽ നിന്നൊരാളെ പ്രധാനമന്ത്രിയാക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജനെയും കേന്ദ്രമന്ത്രി എൽ മുരുകനെയും പരിഗണിക്കാമെന്നും പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ അവർക്കും ഒരവസരം കിട്ടട്ടെയെന്നുമായിരുന്നു.
പാർട്ടി യോഗത്തിൽ പറഞ്ഞത് പരസ്യമായി പറയാൻ അമിത് ഷാ തയാറാണെങ്കിൽ ഡിഎംകെ ഇക്കാര്യത്തിൽ വിശദമായ മറുപടി നൽകുമെന്നും സ്റ്റാലിൻ.