Timely news thodupuzha

വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിക്കുന്നതോടെ നിരവധി വികസന സാധ്യതകളാണ് തുറക്കുന്നതെന്ന് കേന്ദ്ര ഫിഷറീസ്‌ മന്ത്രി

കോവളം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ ബങ്കറിങ്, ക്രൂ ചെയ്ഞ്ച് തുടങ്ങി നിരവധി വികസന സാധ്യതകളാണ് തുറക്കുന്നതെന്ന് കേന്ദ്ര ഫിഷറീസ്‌ മന്ത്രി പർഷോത്തം രുപാലെ. തുറമുഖം സന്ദർശനം നടത്തിയ ശേഷം നിർമ്മാണ വേ​ഗതയിൽ അധികൃതരെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെ ആണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

മന്ത്രിയുടെ തുറമുഖ സന്ദർശനം കേന്ദ്ര സർക്കാർ സാഗർ പരിക്രമ പരിപാടിയുടെ ഏഴാംഘട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു. പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങളും മന്ത്രി അധികൃതർക്ക് നൽകി. അടുത്ത വർഷം മെയിൽ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർണമാകുമെന്നറിഞ്ഞ മന്ത്രി പോർട്ട് ഉദ്യോഗസ്ഥരോട് ആ സന്തോഷം പങ്കുവെച്ചു.

അവലോകന യോഗത്തിൽ എം.വിൻസന്റ് എം.എൽ.എ, വിഴിഞ്ഞം രാജ്യാന്തര സീപോർട്ട് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്‌ടർ ഡോ. അദീല അബ്ദുള്ള, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി ഉദ്യോഗസ്ഥരായ കെ സുശീൽ നായർ, എ സുനിൽകുമാർ, ഡോ. അനിൽ ബാലകൃഷ്‌ണൻ എന്നിവരും പങ്കെടുത്തു.

തുറമുഖം സന്ദർശിച്ച ശേഷം വിഴിഞ്ഞം ഇടവകയിൽ എത്തിയ കേന്ദ്ര മന്ത്രിക്കുമുന്നിൽ ഇടവക വികാരി മോൻസ് ഡോ. നിക്കോളാസ്‌ അധ്യക്ഷതയിൽ വിഴിഞ്ഞം മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങൾ, മണ്ണെണ്ണ ലഭ്യതാ പ്രശ്‌നം, തീരശോഷണം, ബ്ലൂ ഇക്കോണമി എന്നിവ സംബന്ധിച്ച ആശങ്കകൾ അവതരിപ്പിച്ചു.

ജെ റോബർട്ട്, ഇ വിൻസെന്റ്, തിരുവനന്തപുരം ലത്തീൻ അതിരൂപതാ ഫിഷറീസ് ഡയറക്‌ടർ ഫാ.സാജൻ ജോസ്, ലിയോ സ്റ്റാൻലി, പനിയടിമ ജോൺ, എസ് ആന്റണി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *