Timely news thodupuzha

സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം; പ്രതി അസം സ്വദേശി, കോട്ടയത്ത് എത്തിയത് ഇന്നലെ

കോട്ടയം: പൂവൻതുരുത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ കമ്പിവടിയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അസം സ്വദേശി ജോലിയ്ക്കായി കോട്ടയത്ത് എത്തിയത് ഇന്നലെ.

സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി മനോജ് ബറുവയെയാണ് (27) കോട്ടയം ഈസ്റ്റ് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ഹെവിയ റബേഴ്സ് സെക്യൂരിറ്റി ജീവനക്കാരനായ ളാക്കാട്ടൂർ സ്വദേശി ജോസിനെ(55)യാണ് ഇയാൾ കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച രാവിലെ ആറരയ്ക്ക് ശേഷമായിരുന്നു കൊലപാതകം നടന്നത്. അസമിൽ നിന്നും 12 അംഗ സംഘത്തിനൊപ്പമാണ് പ്രതിയായ മനോജ് ബറുവ ഇന്നലെ കോട്ടയം പൂവൻതുരുത്ത് വ്യവസായ മേഖലയിൽ എത്തിയത്.

ഇവിടെ ഒപ്പം താമസിച്ചിരുന്നവരുമായി പ്രശ്‌നമുണ്ടാക്കിയ ശേഷമാണ് രാത്രിയിൽ ഇയാൾ മുറിയിൽ നിന്നും പുറത്തിറങ്ങിയത്. തുടർന്ന് രാത്രി മുഴുവൻ കറങ്ങിനടന്ന ശേഷം പുലർച്ചെയാണ് ഹെവിയ റബർ കമ്പനിയിൽ ഇയാൾ എത്തിയത്.

ഇവിടെ എത്തിയ ശേഷം ഫാക്റ്ററിയ്ക്കുള്ളിലേക്ക് കയറാൻ ശ്രമിച്ചത് സെക്യൂരിറ്റി ജീവനക്കാരൻ ജോസ് തടഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

ഇതിന് ശേഷം ജോസിനെ തള്ളിയിട്ട പ്രതി അവിടെ കിടന്ന കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിയ്ക്കുകയായിരുന്നു. അടിയേറ്റ് വീണ ജോസിനെ വീണ്ടും പലതവണ ഇയാൾ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ബലം പ്രയോഗിച്ചാണ് മനോജ് ബറുവയെ കെട്ടിയിട്ടത്. തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസിനെ വിവരമറിയിച്ച് പ്രതിയെ കൈമാറുകയായിരുന്നു.

പൊലീസ് ജീപ്പിനുള്ളിലിരുന്നും ഇയാൾ അക്രമാസക്തനായി. മരിച്ച ജോസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *