ചെറുതോണി: വാത്തിക്കുടി വില്ലേജിൽ നടന്നു കൊണ്ടിരിക്കുന്ന റീസർവ്വെ നടപടികൾ ജനവിരുദ്ധവും കുടിയേറ്റ കർഷകരുടെ താൽപ്പര്യങ്ങൾക്ക് എതിരുമാണെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. സർവ്വെ നടപടികളിൽ കർഷകരുടെ കൈവശ ഭൂമിയുടെ ഉടമസ്ഥത സർക്കാരിന്റെ പേരിൽ നിഷിപ്തമാക്കുന്ന നടപടി തികഞ്ഞ വഞ്ചനയാണ്. റീസർവ്വെ നടപടികളിൽ പട്ടയം ലഭിച്ചിട്ടില്ലാത്ത ഭൂമിയുടെ ഉടമസ്ഥന്റെ പേര് കൈവശ അനുഭവക്കാരന്റേതായി രേഖപ്പെടുത്തുന്നത് ആണെന്നും കർഷകർക്കെതിരായി യാതൊരു നടപടിയും ഉണ്ടാകില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നതാണ്. എന്നാൽ, അതിന് വിരുദ്ധമായ നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്.
വാത്തിക്കുടി പഞ്ചായത്തിൽ ഡിജിറ്റൽ സർവ്വെ ആരംഭിക്കുന്നതിന് മുന്നോടിയായി റവന്യൂ സർവ്വെ വിഭാഗം വിളിച്ചു ചേർത്ത യോഗത്തിൽ പട്ടയമില്ലാത്ത സ്ഥലത്തിന്റെ അളവും ഉടമയുടെ പേരും കൈവശ രജിസ്റ്ററിൽ രേഖപ്പെടുത്തുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഡിജിറ്റൽ സർവ്വെ ആരംഭിച്ചപ്പോൾ പട്ടയമില്ലാത്ത കൈവശ ഭൂമി അളക്കുകയോ ആരുടെ കാവശത്തിലാണെന്ന് രേഖപ്പെടുത്തുകയോ ചെയ്യാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
60മുതൽ 70വരെ വർഷങ്ങളായി കർഷകരുടെ കൈവശത്തിലിരിക്കുകയും ബഹുവിള കൃഷി നടത്തുകയും വീടുവച്ച് താമസിക്കുകയും ചെയ്യുന്ന ഭൂമി ഒറ്റ ബ്ലോക്കായി സർക്കാർ ഭൂമിയെന്ന് രേഖപ്പെടുത്തുന്നത് കർഷകർക്ക് പട്ടയം നിഷേധിക്കുന്നതിനും അവരുടെ കൈവശഭൂമി പിടിച്ചെടുക്കുന്നതിനും വേണ്ടിയായാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉടമസ്ഥത രേഖപ്പെടുത്തുന്നത് സംബന്ധിച്ച് ഒരൊറ്റ മന്ത്രിസഭ തീരുമാനത്തിലൂടെ കർഷക ആശങ്കകൾ പരിഹരിക്കണമെന്നിരിക്കെ റവന്യു വകുപ്പും സർക്കാരും ഒളിച്ചുകളി നടത്തുകയാണ്.
ഇപ്പോൾ നടത്തുന്ന സർവ്വെ നടപടികൾ നിർത്തി വച്ച് വ്യക്തമായ സർക്കുലർ പുറപ്പെടുവിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. എന്നാൽ നാലാം തീയതി സർവ്വെ ഭൂരേഖ വകുപ്പ് പുറപ്പെടുവിച്ച സർക്കുലറിലും സർക്കാർ ഭൂമിയായി രേഖപ്പെടുത്തണമെന്നാണ് നിർദേശം. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇടുക്കിയിലെ ഭൂമിപ്രശ്നങ്ങൾ കർഷക വിരുദ്ധ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത് എന്നതിന്റെ പ്രത്യാക്ഷമായ ഉദാഹരണമാണ് ഈ സർക്കുലർ. മന്ത്രിയുടെ ഉറപ്പുകൾ ജലരേഖയാകുന്ന കാഴ്ചയാണ് കാണുന്നതെന്നും ഡിജിറ്റൽ സർവ്വെ അപാകത സംബന്ധിച്ച് പ്രത്യക്ഷ സമരത്തിലേക്ക് കർഷകരെ തള്ളിവിടുന്ന സ്ഥിതിയാണ് ഉള്ളതെന്നും എം.പി കൂട്ടിച്ചേർത്തു.





