കൊച്ചി: പൊലീസ് കസ്റ്റഡിയിലായിരുന്ന കെ.എസ്.യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ എം.എൽ.എമാർക്കെതിരെ പൊലീസ് കേസെടുത്തു. ചാലക്കുടി എം.എൽ.എ സനീഷ് കുമാർ, അങ്കമാലി എം.എൽ.എ റോജി.എം.ജോൺ എന്നിവർക്കെതിരെയാണ് കേസ്.

കാലടി ശ്രീ ശങ്കര കോളെജിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തത്. രാജീവ്, ഡി ജോൺ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ എം.എൽ.എമാരുടെ സംഘമെത്തി ബലം പ്രയോഗിച്ച് ലോക്കപ്പിൽ നിന്നും പുറത്തിറക്കുകയായിരുന്നു.
ഇവർക്കെതിരെ കൃത്യ നിർവഹണത്തിൽ തടസ്സം സൃഷ്ടിക്കുക(ഐ.പി.സി 353) ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക(ഐ.പി.സി 506) അസഭ്യം പറയുക (ഐ.പി.സി 294) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്.
എം.എൽ.എമാരുടെ നേതൃത്വത്തിൽ സംഘം ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും എഫ്.ഐ.ആറിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.





