Timely news thodupuzha

logo

പ്രവർത്തക സമിതി പ്രഖ്യാപനം; സോണിയ ഗാന്ധിക്ക് പരാതി നൽകാൻ ഒരുങ്ങി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് പരാതി നൽകാൻ രമേശ് ചെന്നിത്തല. തന്റെ അതൃപ്‌തി കേന്ദ്ര നേതൃത്വത്തെ നേരിട്ടറിയിക്കാനാണ് രമേശ് ചെന്നിത്തലയുടെ തീരുമാനം. സംസ്ഥാന സംഘടന ചുമതല നൽകിയാൽ ഏറ്റെടുക്കില്ലെന്ന് രമേഷ് ചെന്നിത്തല സോണിയ ഗാന്ധിയെ അറിയിക്കും.

അതേസമയം, കോൺഗ്രസ് പ്രവർത്തക സമിതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നേതാക്കൾ പരസ്യ പ്രസ്‌താവനകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഹൈക്കമാൻഡ് നിർദേശം നൽകി.ഇന്നലെയാണ് കോൺഗ്രസിലെ ഏറ്റവും ഉയർന്ന സംഘടനാവേദിയായ പ്രവർത്തകസമിതിയിലേക്കുള്ള അംഗങ്ങളുടെ പട്ടിക പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്.

39 അംഗ സമിതിയിൽ കേരളത്തിൽ നിന്ന് എ കെ ആന്റണി, കെ സി വേണുഗോപാൽ, ശശി തരൂർ എന്നിവർ ഉൾപ്പെട്ടു. 32 അംഗ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലാണ് രമേശ് ചെന്നിത്തലയെ ഉൾപ്പെടുത്തിയത്. പ്രവർത്തക സമിതിയിൽ നിന്ന് ക്ഷണിതാവായി തരംതാഴ്ത്തിയതാണ് രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ചത്.

ശശി തരൂരിനെ പ്രവർത്തകസമിതിയംഗമായി ഉയർത്തിയത് രമേശ് ചെന്നിത്തലയ്ക്ക് ഇരട്ടപ്രഹരമായി. ഇതു സംബന്ധിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *