കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിലേക്ക് പോയോവെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
പുതുപ്പള്ളിയിൽ ബി.ജെ.പിക്ക് 19000 വോട്ടുകളാണുള്ളത്. അത് യു.ഡി.എഫിലേക്ക് പോയാൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വിജയിക്കും, അല്ലെങ്കിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്കി.സി.തോമസ് വിജയിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ആര് വിജയിച്ചാലും വലിയ ഭൂരിപക്ഷമുണ്ടാവില്ലെന്നും വോട്ടിങ്ങ് വൈകിച്ചെന്ന ആരോപണത്തോട് കളക്‌ടർ തന്നെ പ്രതികരിച്ചിട്ട് ഉണ്ടല്ലോയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, പോളിങ്ങ് മനപൂർവം വൈകിപ്പിച്ചതാണെന്ന ആരോപണം ആവർത്തിച്ച് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും രംഗത്തെത്തി.
സാങ്കേതികത്വമല്ല, ജനങ്ങളുടെ ബുദ്ധിമുട്ടാണ് തന്‍റെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്ന് ചിലരെ തടയാൻ സംഘടിത നീക്കം നടന്നോവെന്ന് സംശയിക്കുന്നതായും ചാണ്ടിഉമ്മൻ വ്യക്തമാക്കി.