തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രവർത്തക സമിതി രൂപീകരണത്തിന് ശേഷം തനിക്ക് മാനസിക പ്രയാസമുണ്ടായതായി ചെന്നിത്തല പ്രതികരിച്ചു. പാർട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല.
കേരളത്തിൽ നിന്ന് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം യോഗ്യരായ ആളുകളാണ്. തന്നെ സ്ഥിരം സമിതി ക്ഷണിതാവായി ഉൾപ്പെടുത്തിയതിന് നന്ദിയുണ്ട്. ഒരു പദവിയും ഇല്ലെങ്കിലും താൻ പ്രവർത്തനങ്ങൾ തുടരും.
19 വർഷംമുമ്പ് തനിക്ക് ഉണ്ടായിരുന്ന പ്രത്യേക ക്ഷണിതാവെന്ന പദവിയിൽ വീണ്ടും വന്നതിൽ അസ്വാഭാവികത തോന്നി. ദേശീയതലത്തിൽ ജൂനിയറായ പലരും പ്രവർത്തകസമിതിയിൽ ഉൾപ്പെട്ടതിൽ വിഷമമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
ആർക്കും ഉണ്ടായേക്കാവുന്ന വികാരക്ഷോഭങ്ങളായിരുന്നു ഇത്. വ്യക്തിപരമായ ഉയർച്ച താഴ്ചകൾക്കല്ല പ്രസക്തിയെന്ന് പിന്നീട് ബോധ്യമായെന്ന് ചെന്നിത്തല പറഞ്ഞു.






