കൊച്ചി: വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ മുഖ്യപ്രതി യൂത്ത് കോൺഗ്രസ് കാസർകോട് ത്രിക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റ് ജെയ്‌സൺ മുകളേലിന്റെ ഫോൺ കസ്റ്റഡിയിൽ.
ആപ്പ് എത്ര പേർക്ക് പങ്കുവെച്ചെന്ന് കണ്ടെത്താൻ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ജെയ്‌സന്റെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുകയാണ്. മൊഴി പരിശോധിച്ച ശേഷം പൊലീസ് ജെയ്‌സനെ വീണ്ടും ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം ജെയ്‌സൺ മുകളേലിനെ ചോദ്യം ചെയ്തത്. താനാണ് ആപ്പ് നിർമ്മിക്കാൻ നിർദേശം നൽകിയതെന്ന് ജെയ്സൺ മൊഴി നൽകിയിരുന്നു. യൂത്ത് കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പിന് മാത്രമാണ് ആപ്ലിക്കേഷൻ ഉണ്ടാക്കിയതെന്നും വ്യക്തമാക്കി.
നേരത്തെ ടോമിൻ മാത്യുവിൽ നിന്ന് കണ്ടെടുത്ത മദർ കാർഡ് ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജെയ്‌സണിലേക്ക് അന്വേഷണം എത്തിയത്. ജെയസൺൻറെ മൊബൈൽ ഫോൺ, ലാപ്‌ടോപ് ഉൾപ്പടയെുള്ള ഡിജിറ്റൽ ഡിവൈസുകൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി ഈ ആപ്പ് വഴി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം കൂടുതൽ പേരിലേക്ക് എത്താൻ സാധ്യതയുണ്ട്.
ഒരു വട്ടം കൂടി ജെയ്‌സൺ മുകളേലിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. അറസ്റ്റ് തടഞ്ഞുകൊണ്ട് കാസർകോട് കോടതിയുടെ ഉത്തരവുണ്ട്. അതിനാൽ ആണ് അഞ്ചാം തീയതിയ്ക്ക് ശേഷം വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. പത്തനംതിട്ട കേന്ദ്രീകരിച്ചുള്ള വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണത്തിൽ പ്രധാനപ്രതി എം ജെ രഞ്ജുവിനെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.





