Timely news thodupuzha

ബദൽ രാഷ്ട്രീയം വയ്ക്കാതെ കോൺഗ്രസിന് ബി.ജെ.പിക്ക് ബദൽ ആകാൻ സാധിക്കില്ല; എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: ബി.ജെ.പിയെ തോൽപ്പിക്കുകയെന്ന മിനിമം പരിപാടിപോലും കോൺ​ഗ്രസിനില്ലാതെ പോയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. കോൺഗ്രസിന് ഒരു ഐക്യപ്രസ്ഥാനമെന്ന നിലയിൽ പോലും പ്രവർത്തിക്കാൻ സാധിക്കുന്നില്ല.

ബദൽ രാഷ്ട്രീയം വയ്ക്കാതെ കോൺഗ്രസിന് ബി.ജെ.പിക്ക് ബദൽ ആകാൻ സാധിക്കില്ലെന്നും ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ കോൺ​ഗ്രസിന് കഴിയാതെ പോയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബി.ജെ.പിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ എല്ലാം കോൺഗ്രസ് പരാജയപ്പെട്ടു. രാഷ്ട്രീയവും സംഘടനാപരവുമായ അവർ പരാജയപ്പെട്ടു.

ഹിന്ദി ഹൃദയഭൂമിയിൽ ഹിമാചൽ പ്രദേശിൽ മാത്രമാണ് കോൺഗ്രസിന് ഭരണമുള്ളത്. മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമായി കോൺ​ഗ്രസ് ഒതുങ്ങി. ഗുജറാത്തിന്റെ പാഠം പഠിക്കാൻ അവർ തയ്യാറായില്ല.

കേരളത്തിലെ കോൺ​ഗ്രസിന്റെ നിലപാടാണ് രാജസ്ഥാനിലും കണ്ടത്. രാജസ്ഥാനിൽ രണ്ട് സിറ്റിംഗ് സീറ്റ് സിപിഐ എമ്മിന് ഉണ്ടായിരുന്നു. ഭദ്ര മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വോട്ട് സി.പി.ഐ.എമ്മിന് ലഭിച്ചു.

ഭദ്രയിൽ കേവലം 1161 വോട്ടിനാണ്‌ തോറ്റത്. കോൺഗ്രസിന് അവിടെ 3771 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ 37000ത്തിലധികം വോട്ട് ഉണ്ടായിരുന്നെന്നും ബാക്കി വോട്ടുകൾ ബിജെപിക്കാണ് പോയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ഇന്നത്തെ പരിതഃസ്ഥിതിയിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുക തന്നെ ചെയ്യണമെന്നും ബിജെപിയെ തോൽപ്പിക്കേണ്ടത് ഇന്ത്യയുടെ നിലനിൽപ്പിന്റെ പ്രശ്‌നമാണെന്നും എം.വി ​ഗോവിന്ദൻ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *