കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറയിൽ നിന്ന് അഞ്ചുവർഷം മുൻപ് കാണാതായ ജെസ്‌ന എവിടെയെന്ന് സി.ബി.ഐ കണ്ടെത്തുമെന്ന് മുൻ ഡി.ജി.പി ടോമിൻ ജെ തച്ചങ്കരി.
അന്വേഷണ സമയത്ത് ലീഡുകൾ കിട്ടിയിരുന്നുവെന്നും കോവിഡ് കാലത്ത് അന്വേഷണം നിലക്കുക eയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷിച്ച സമയത്ത് കേസ് ഡയറി പരിശോധിച്ചപ്പോൾ ജസ്‌നയെ അവസാനം കണ്ട സമയം, സ്ഥലം, പോയത് എങ്ങനെയാണ്, എങ്ങോട്ടേക്കാണ് തുടങ്ങിയ കാര്യങ്ങളിൽ വ്യത്യസ്തമായ ഒരു ലീഡ് കിട്ടിയെന്നും തച്ചങ്കരി കൂട്ടിച്ചേർത്തു.
അതുവെച്ച് അന്വേഷണം തുടർന്നു. കൈയെത്തും ദൂരത്ത് ജസ്‌ന എത്തി എന്നുവരെ കരുതിയ സമയമുണ്ടായിരുന്നു. അപ്പോഴാണ് കോവിഡ് വരുന്നത്.
പോകേണ്ടിയിരുന്നത് കുമളി, തേനി വഴി തമിഴ്‌നാട്ടിലേക്കായിരുന്നു. എന്നാൽ പിന്നീട് ഒന്നരവർഷക്കാലത്തോളം കേരളം അടഞ്ഞു കിടന്നു. ഈ സമയത്ത് കുടുംബം കോടതിയിൽ പോവുകയും കേസ് സി.ബി.ഐയ്ക്ക് വിടുകയുമായിരുന്നു.
കണ്ണികളായി അന്വേഷിച്ചു പോയ സമയത്ത് കേസ് തെളിയിക്കുമെന്നായിരുന്നു എല്ലാവരും വിചാരിച്ചതെന്നുെം അദ്ദേഹം പറഞ്ഞു. ജെസ്‌നയ്ക്ക് എന്ത് സംഭവിച്ചൂവെന്നതിന് തെളിവൊന്നും ലഭിച്ചില്ലെന്ന് കാണിച്ച് സി.ബി.ഐ കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു തച്ചങ്കരിയുടെ പ്രതികരണം.






