പടന്ന: പേപ്പട്ടിയുടെ ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം അഞ്ച് പേർക്ക് കടിയേറ്റു. പടന്ന വടക്കേപ്പുറം ജുമാ മസ്ജിദിന് സമീപം വീട്ടിന് മുന്നിൽ കളിച്ച് കൊണ്ടിരുന്ന ഒന്നര വയസുള്ള പിഞ്ചുകുഞ്ഞിനെ വീട്ടുകാരുടെ മുന്നിൽ വെച്ചാണ് നായ ആക്രമിച്ചത്.
വടക്കെപ്പുറത്തെ സുലൈമാൻ ഫെബീന ദമ്പതികളുടെ മകൻ ബഷീറിനാണ്(ഒന്നര വയസ്സ്) കടിയേറ്റത്. സാരമായി പരിക്കേറ്റ കുഞ്ഞിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ തലയ്ക്ക് പിറകിലും കൈക്കും ആഴത്തിലുള്ള മുറിവുണ്ട്.
പടന്ന മൂസഹാജി മുക്കിൽ ഓട്ടോ സ്റ്റാന്റിൽ വെച്ചാണ് യുവതിക്ക് കടിയേറ്റത്. പടന്ന കാന്തിലോട്ട് , മാട്ടുമ്മൽ എന്നിവടങ്ങളിലും കുട്ടികളാണ് നായയുടെ ആക്രമണത്തിന് ഇരയായത്. വീട്ടിൽ വളർത്തുന്ന കോഴികൾക്കും വളർത്ത് മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്.
മാസങ്ങളായി തെരുവ് നായ്ക്കളുടെ ശല്യം കാരണം പൊറുതി മുട്ടുന്ന നാട്ടുകാർ പേപ്പട്ടി ആക്രമണത്തോടെ ഭീതിയിലാണ്. തെരുവ് നായ്ക്കളെ അമർച്ച ചെയ്യുന്നതിൽ പഞ്ചായത്ത് ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിൽ നാട്ടുകാർ കടുത്ത രോഷത്തിലാണ്.






