തിരുവനന്തപുരം: ധനകാര്യ കമ്മീഷന്റെ നടപടിക്രമങ്ങളിൽ മോദി ഇടപെട്ടത് ഭരണഘടന വിരുദ്ധമാണെന്ന് എ.എ റഹീം എം.പി. റിപ്പോർട്ടേഴ്‌സ് കലക്‌ടീവ് പുറത്തുവിട്ട വിവരം ഗൗരവകരമാണെന്നും സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറയ്‌ക്കാൻ പ്രാധാനമന്ത്രി സമ്മർദ്ദം ചെലുത്തിയെന്നത് സ്ഥിരീകരിച്ച വിവരമാണെന്നും വാർത്താ സമ്മേളനത്തിൽ എ.എ റഹീം എം.പി പറഞ്ഞു. സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ ഈ നടപടി അട്ടിമറിച്ചു.
സംസ്ഥാനങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ഇത് ബാധിക്കും. അതിശക്തമായ പ്രതിഷേധം ഇതിനെതിരെ ഉയരും. മനുഷ്യച്ചങ്ങല രാജ്യത്തിനാകെ ആവേശമാകും. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. ഐതിഹാസിക സമരമായി മനുഷ്യച്ചങ്ങല മാറുമെന്നും റഹീം പറഞ്ഞു.






