Timely news thodupuzha

93 ലും പ്രഭാകരൻ സാർ തിരക്കിൽ ;മലപ്പുറം ചെറുകരയിൽ സ്കൂളിൽ അധ്യാപകനും മാനേജരുമായതു ചരിത്രം …


തൊടുപുഴ : 1953 ജൂൺ ഒന്ന്. വണ്ണപ്പുറത്ത് ആദ്യമായി ഒരു സ്കൂൾ പ്രവർത്തനം തുടങ്ങിയത് അന്നാണ്. അവിടെ കുട്ടികൾക്ക് ആദ്യാക്ഷരം പറഞ്ഞ് നൽകിയത് പ്രഭാകരൻ സാറായിരുന്നു. വണ്ണപ്പുറത്തെ ആദ്യത്തെ അധ്യാപകൻ. ലീഡർ കെ.കരുണാകരനുമായുള്ള രൂപസാദൃശ്യം ഉള്ളതിനാൽ കോൺഗ്രസിന്റെ പലവേദികളിലും കരുണകരന്റെ വേഷം ഇട്ട് പ്രത്യക്ഷപ്പെട്ട ചരിത്രവും അദ്ദേഹത്തിനുണ്ട്.
തൊണ്ണൂറ്റിമൂന്നാം വയസ്സിലും വണ്ണപ്പുറം മധുഭവനത്തിൽ കെ.ആർ.പ്രഭാകരന്റെ മനസ്സിൽ അന്നത്തെ ഓര്മകൾ തെളിമയോടെയുണ്ട്. നെടുംതടത്തില് ഐപ്പാണ് വണ്ണപ്പുറത്ത് ആദ്യമായി ഒരു എൽ.പി. സ്കൂൾ സ്ഥാപിച്ചത്. സ്കൂൾ മാനേജരും അദ്ദേഹമായിരുന്നു. അന്ന് നാട്ടിൽ എസ്.എസ്.എൽ.സി. പാസ്സായ ആൾ പ്രഭാകരനായിരുന്നു. അദ്ദേഹത്തെ വിളിച്ച് അധ്യാപകനാക്കി.
ടൗണിലുള്ള ചെറിയ ഓല ഷെഡിൽ പുന്നയ്ക്ക എണ്ണയൊഴിച്ച വിളക്കില് തിരി തെളിച്ച് ദൈവമേ കൈതൊഴാം എന്ന പ്രാര്ഥനാ ഗീതം ആലപിച്ച് സ്കൂൾ പ്രവേശനോത്സവം നടത്തിയത് ഇന്നും പ്രഭാകരന്റെ ഓർമയിലുണ്ട്. 25 കുട്ടികളാണ് ആദ്യ ദിനം പ്രവേശനം നേടിയത്. അവരായിരുന്നു ആദ്യ ശിഷ്യ ഗണങ്ങളും. പിന്നീട് എത്രയെത്ര പേർ.
കുട്ടികളെ പഠിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും അധ്യാപക വൃത്തിക്ക് വേണ്ട യോഗ്യതയായ ടി.ടി.സി. അന്ന് പ്രഭാകരന് ഉണ്ടായിരുന്നില്ല. അതിനാൽ സര്ക്കാർ നിയമനമോ ശമ്പളമോ ലഭിച്ചിരുന്നില്ല. എന്നാൽ, അതൊന്നും അദ്ദേഹം വകവെച്ചില്ല.പിന്നീട് ടി.ടി.സി. പഠനത്തിനുള്ള ശ്രമമായി. 1955-ല് വാഴക്കുളം സെയ്ന്റ് ജോര്ജ് ടീച്ചേഴ്സ് ട്രെയ്നിങ് സെന്ററില് ചേർന്നു. ടി.ടി,സി . പാസയതോടെ അധ്യാപക ജോലി സ്ഥിരപ്പെട്ടു. സ്കൂളിലെ പ്രഥമാധ്യാപകനുമായി.
ഇതിനിടെ അദ്യത്തെ മാനേജര് സ്കൂള് വിറ്റു. വണ്ണപ്പുറം സ്വദേശിയായ പി.എന്.കുമാരനാണ് വാങ്ങിയത്. പുതിയ മാനേജർ എത്തിയപ്പോൾ അവരുടെ മറ്റൊരു സ്കൂളിലേക്ക് പ്രഭാകരനെ സ്ഥലംമാറ്റി. മലപ്പുറം ഏലംകുളം പഞ്ചായത്തിലെ ചെറുകരയിലെ സ്കൂളിലേയ്ക്കായിരുന്നുമാറ്റം. 1970-ലായിരുന്നു ഇത്. പിന്നീട് പെൻഷൻ പറ്റുന്നത് വരെ അവിടെയാണ് പഠിപ്പിച്ചത്. ഇതിനിടെ ചെറുകരയിലെ സ്കൂൾ ഇദ്ദേഹം വാങ്ങി അതിന്റെ മാനേജരായി.
2020-ല് സ്കൂള് മുസ്ലീം സൊസൈറ്റിക്ക് കൈമാറി വിദ്യാഭ്യാസ രംഗത്ത് നിന്ന് അദ്ദേഹം അവധിയടുത്തു. ഇപ്പോൾ വണ്ണപ്പുറത്തെ പെൻഷൻകാരുടെ സംഘടനയുടെ സജീവ പ്രവർത്തകനാണ്.
ഭാര്യ: പരേതയായ രാധാമണി, മക്കള്: പരേതനായ മധുസൂതനന്, എം.പി.സതീശന്, എം.പി.സുരേഷ്, എം.പി.യമുന, ആതിര പി.നായര്

Leave a Comment

Your email address will not be published. Required fields are marked *