ന്യൂഡൽഹി: ഏഴ് ആംആദ്മി എം.എൽ.എമാർക്ക് പാർട്ടി വിടാനായി ബി.ജെ.പി 25 കോടി വാഗ്ദാനം ചെയ്തതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.
ഡൽഹിയിൽ ബി.ജെ.പി ഓപ്പറേഷൻ താമര 2.0 നടത്തുകയാണെന്നും കെജ്‌രിവാൾ ആരോപിച്ചു. സർക്കാരിനെ താഴെയിറക്കാൻ ഏതു തരത്തിലുള്ള മാർഗവും സ്വീകരിക്കുകയാണ് ബി.ജെ.പിയെന്നും കെജ്‌രിവാൾ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ സംസ്ഥാനങ്ങളിൽ ഭരണമുറപ്പിക്കാനായി ബി.ജെ.പി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഡൽഹിയിലും ഓപ്പറേഷൻ താമര നടത്തുന്നത്
തന്നെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ശേഷം സർക്കാരിനെ താഴെയിറക്കുമെന്നും അതുകൊണ്ട് ബി.ജെ.പിയിലേക്ക് വരാനും എംഎൽഎമാരെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതായി കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.
എന്നാൽ ഡൽഹിയിലെ ജനങ്ങൾക്ക് ആംആദ്മിയിൽ വിശ്വാസമുള്ളതിനാൽ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് വിജയിക്കാൻ ബി.ജെ.പിക്ക് കഴിയില്ലെന്നും അതിനാലാണ് വ്യാജ മദ്യനയക്കേസ് ഉൾപ്പെടെയുള്ള കേസുകൾ കൊണ്ടുവന്ന് സർക്കാരിനെ താഴെയിറക്കാനാണ് ശ്രമിക്കുന്നതെന്നും കെജ്‌രിവാൾ കുറിച്ചു.
അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിൽ മറ്റുപല മാർഗങ്ങളിൽ കൂടെയും ബി.ജെ.പി അധികാരത്തിൽ വരാൽ ശ്രമിക്കുന്നതാണ് ഓപ്പറേഷൻ താമരയെന്നും മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉദാഹരണമാണെന്നും ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി പറഞ്ഞു.






