ന്യൂഡൽഹി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഡൽഹിയിലെ വസതി സന്ദർശിച്ച് ഇ.ഡി സംഘം. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് സംഘം എത്തിയിരിക്കുന്നത്.
കള്ളപ്പണ കേസിൽ കഴിഞ്ഞ 20ന് റാഞ്ചിയിലെ വസതിയിൽ വച്ച് സോറനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. അതിനു പുറകേ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സോറന് സമൻസും നൽകിയിട്ടുണ്ട്.
എന്നാൽ, ഹാജരാകുന്നത് എന്നാണെന്ന് സോറൻ ഇ.ഡിയെ അറിയിച്ചിട്ടില്ല. ചോദ്യം ചെയ്യലിനു ഹാജരാകുന്നതുമായി ബന്ധപ്പെട്ട നിയമ വിദഗ്ധരുടെ നിർദേശങ്ങൾക്കായി സോറൻ ഡൽഹി സന്ദർശിച്ചിരുന്നു.
അതിനിടെയാണ് ഇ.ഡി സംഘം ഡൽഹിയിലെ വസതിയിലെത്തിയത്. ഭൂമിയുടെ ഉടമസ്ഥത മാറ്റി കൊടുക്കുന്ന വലിയ വസ്തു മാഫിയയാണ് അന്വേഷണത്തിൽ വെളിപ്പെട്ടിരിക്കുന്നത് എന്നാണ് ഇ.ഡി റിപ്പോർട്ടുകൾ.






