ഗാസ: വടക്കൻ ഗാസയിൽ കൈകളും കണ്ണും കെട്ടിയ നിലയിൽ 30 പലസ്തീൻ പൗരരുടെ മൃതദേഹങ്ങളുള്ള കൂട്ടക്കുഴിമാടം കണ്ടെത്തി.
ഇസ്രയേൽ സേന പിടികൂടി ‘വധശിക്ഷ’ നടപ്പാക്കിയവരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പലസ്തീൻ പ്രിസണേഴ്സ് സൊസെെറ്റി(പി.പി.എസ്) അറിയിച്ചു.
ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 27,000 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 66,000 പേർക്ക് പരിക്കേറ്റു. ഏകദേശം 8000 പലസ്തീൻ സ്വദേശികളെ കാണാതായി.
ഇസ്രയേലിന്റെ സെെനിക നീക്കവും ഗാസയിലെ ജനങ്ങളുടെ ദുരിതജീവിതവും അറുതിയില്ലാതെ തുടരുകയാണ്. അതേസമയം, ഹമാസിനുമേൽ പരിപൂർണ വിജയം നേടാതെ പലസ്‌തീനിൽനിന്ന് പിന്മാറില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
താൽക്കാലിക വെടിനിർത്തൽ സംബന്ധിച്ച ചർച്ചയ്‌ക്കുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്. സ്ഥിരമായ വെടിനിർത്തലും ഇസ്രയേലിന്റെ പൂർണമായ പിന്മാറ്റവും വേണമെന്നാണ് ഹമാസ് നിലപാട്. ഇത് അംഗീകരിക്കാനാകില്ലെന്നാണ് നെതന്യാഹു ആവർത്തിച്ചത്.






