ആലപ്പുഴ: മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിൽ നിന്നും രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും പിന്മാറി. ഉദ്ഘാടന പരിപാടിയില്‍ കെ സി വേണുഗോപാലിനെയും ജി സുധാകരനെയും തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് ചെന്നിത്തലയും കൊടിക്കുന്നിലും പരിപാടി ബഹിഷ്കരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിർവഹിക്കുക. കോൺഗ്രസിൽ നിന്ന് ഇവർ രണ്ട് പേരെയുമാണ് ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സിപിഎമ്മിലും പ്രതിഷേധ സ്വരം ഉയർന്നിരുന്നു. നിർമ്മാണത്തിനായി ആദ്യാവസാനം നിന്നവരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്നാണ് ജി സുധാകരൻ പറഞ്ഞത്. കെ സി വേണുഗോപാലിനെ ഒഴിവാക്കിയതിൽ കോൺഗ്രസ് സമരം പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.
പുതിയ ബ്ലോക്കിനായി ആദ്യവസാനം മുന്നിൽ നിന്നയാളാണ് താൻ. തന്നെ ഓർക്കാതിരുന്നതിൽ പരിഭവമില്ല. ഷൈലജ ടീച്ചറെയും ഉൾപ്പെടുത്താമായിരുന്നുവെന്നും ജി സുധാകരൻ പറഞ്ഞു. വഴിയരികിലെ ഫ്ലക്സുകളല്ല ജനഹൃദയങ്ങളിലെ ഫ്ലക്സുകളാണ് പ്രധാനം. ചരിത്ര നിരാസം ചില ഭാരവാഹികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാനസിക വ്യാപാരമാണെന്നും ജി സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദമാക്കി.