Timely news thodupuzha

logo

മൂന്ന് ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങി, അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലൻസ്

കൊച്ചി: സിനിമാ നിർമ്മാതാവിൽ നിന്ന് ജഡ്ജിക്ക് നൽകാനെന്ന വ്യാജേന കോഴ വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ പുതിയ കണ്ടെത്തൽ. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ്. അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് നിർദ്ദേശിച്ചു. ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷമാണ് വാങ്ങിയത്.

72 ലക്ഷം കൈപ്പറ്റിയെന്ന് അഭിഭാഷകർ മൊഴി നൽകിയിട്ടുണ്ട്. എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ നിർമാതാവിന് 25 ലക്ഷം ചെലവായി. നാല് അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയത്. 15 ലക്ഷം ഫീസ് ആയി സൈബി വാങ്ങി. 5 ലക്ഷം കുറക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ജഡ്ജിന് കുറച്ചു കൂടുതൽ പൈസ കൊടുക്കേണ്ടതുണ്ടെന്ന് സൈബി പറഞ്ഞതായി മൊഴി ലഭിച്ചിരുന്നു.

ജഡ്ജികളുടെ പേരിൽ വൻ തുക വാങ്ങിയതിന് സൈബി ജോസിനെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയതിനാൽ അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാനാണ് വിജിലൻസ് നിർദേശം. കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കാവുന്നതാണ്.അച്ചടക്കനടപടി സ്വീകരിക്കാൻ ബാർ കൗൺസിലിന് ശുപാർശ ചെയ്യാമെന്ന് ഹൈക്കോർട്ട് വിജിലൻസ് വിഭാഗം അറിയിച്ചിട്ടുണ്ട്. മൂന്ന് ലക്ഷ്വറി കാറുകൾ സ്വന്തമായുള്ള സൈബിയുടെ ആഡംബര ജീവിതം സംശയാസ്പദമായ സാഹചര്യം ഒരുക്കിയിരുന്നു. കക്ഷികളെല്ലാം പ്രമുഖ സിനിമ താരങ്ങൾ ആണെന്നും കണ്ടെത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *